പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കൂട്ടയടി, രണ്ടു പേർക്ക് മർദനമേറ്റു

കോട്ടയം: പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സിപിഐഎം അംഗങ്ങള്‍ക്ക് പരിക്കേറ്റു.

സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടത്തിനാണ് പരിക്കേറ്റത്. കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലം പറമ്പിലിനും മര്‍ദ്ദനമേറ്റു. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. വലിയ ബഹളവും തമ്മിലടിയുമാണ് കൗണ്‍സില്‍ യോഗത്തിലുണ്ടായത്.

31/03/21ബുധനാഴ്ച നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.

ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്‍മാന്‍ അറിയിച്ചു. പിരിഞ്ഞുപോവുകയായിരുന്ന ബൈജുവിനെ ബിനു പുറകിലൂടെയെത്തി വീണ്ടും മര്‍ദ്ദിച്ചെന്നാണ് വിവരം. നിലത്തുവീണ ബൈജു നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.

ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തിയത്. കേരള കോണ്‍ഗ്രസ് എം-സിപിഐഎം സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. സ്റ്റാന്‍ഡിങ് കമ്മറ്റി ചേരുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നേരത്തെതന്നെയുണ്ടായിരുന്നു.

നിര്‍ണായകമായ പാലായില്‍ത്തന്നെ സിപിഐഎമ്മും കേരള കോണ്‍ഗ്രസ് എമ്മും ഭിന്ന ചേരികളിലാവുന്നത് നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിച്ചേക്കുമെന്ന ആശങ്ക ഇടതുകേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →