ഇനി മത്സരത്തിനില്ല, ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിൽ അനാരോഗ്യമോ, അമർഷമോ ?

കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടപറയുന്നതായുള്ള മന്ത്രിയും സി പി എം കേന്ദ്ര കമ്മറ്റി അംഗവുമായ ഇ പി ജയരാജൻ്റെ പ്രഖ്യാപനത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്ത്? സി പി എം പൂർണമായും പിണറായി വിജയൻ എന്ന ഏക നേതാവിലേക്ക് ചുരുങ്ങുന്നതിൽ പാർടിയുടെ ഉന്നത നേതൃനിരയിൽ തന്നെ അമർഷം പുകയുന്നുണ്ടോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് സി പി എം രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നുമായിരുന്നു 30/03/21ചൊവ്വാഴ്ച
ഇ.പി ജയരാജന്‍ പ്രഖ്യാപിച്ചത്.

പാര്‍ട്ടി പറഞ്ഞാലും മത്സരിക്കാനില്ലെന്നും അസൗകര്യം പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ജയരാജൻ പറഞ്ഞു. പാർടി പറഞ്ഞാലും മത്സരിക്കാനില്ലെന്ന് ഒരു കേന്ദ്ര കമ്മറ്റി നേതാവ് മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുന്നത് സി പി എം പോലുള്ള ഒരു പ്രസ്ഥാനത്തിൽ അത്യപൂർവമോ അസംഭവ്യമോ ആണ്. എന്നാൽ, മാധ്യമങ്ങൾക്കു മുന്നിൽ മനസ്സു തുറന്ന ജയരാജൻ സ്വന്തം ശാരീരിക പ്രയാസങ്ങളെ കുറിച്ച് വാചാലനാവുകയും സംഘടനയെ കുറിച്ച് നിശബ്ദനാകുകയും ചെയ്തു.

‘ഇനി ഞാന്‍ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല. ഞാന്‍ മൂന്ന് ടേമില്‍ എം.എല്‍.എയായി. ഞാനൊരു മന്ത്രിയായി. എന്റെ സംശുദ്ധത ജനങ്ങളെ അറിയിക്കണമെന്നുണ്ടായിരുന്നു. അത് അറിയിച്ചു കഴിഞ്ഞു. ഇനി അതിന് അപ്പുറത്തേക്ക് ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് തോന്നുന്നത്. എനിക്കൊക്കെ പ്രായമായി. ഈ കാണുന്നതൊന്നുമല്ല. രോഗമൊക്കെ വന്നു. ഇന്നത്തെ നിലയില്‍ കൂടുതല്‍ ജനസേവനങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൊന്നും ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപരമായിട്ടുള്ള സാധ്യത കുറഞ്ഞുവരികയാണ്. നിങ്ങള്‍ കാണുന്ന പ്രായമൊന്നുമല്ല എനിക്ക്. 70 വയസ് എന്നത് ഒരു പ്രായം തന്നെയാണ് ” ഇ പി ജയരാജൻ പറഞ്ഞു.

പിണറായി വിജയനും അതേ പ്രായമായില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അദ്ദേഹം ആരാണ് അദ്ദേഹം പ്രത്യേക കഴിവും ശക്തിയും ഊര്‍ജ്ജവും ഉള്ള ഒരു മഹാ മനുഷ്യനാണെന്നായിരുന്നു ഇ.പിയുടെ മറുപടി. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചാല്‍ താന്‍ മഹാപുണ്യവാനായി തീരുമെന്നും അദ്ദേഹം ആകാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് തന്റെ ദു:ഖമെന്നും ഇ.പി പറഞ്ഞു.

സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണോ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നത്, അതൃപ്തി പുറത്തുപറയുകയാണോ എന്ന ചോദ്യത്തിന് ‘നിങ്ങള്‍ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂ’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

മട്ടന്നൂരിലും കല്യാശേയിലും താന്‍ മത്സരിക്കണമെന്ന് അണികള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെന്നും പക്ഷേ ആരോഗ്യം അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ആദ്യഘട്ടത്തില്‍ മട്ടന്നൂരില്‍ ഇ.പി മത്സരിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ടേം വ്യവസ്ഥ സി.പി.ഐ.എം മുന്നോട്ടുവെച്ചതോടെ മുതിര്‍ന്ന നേതാക്കള്‍ക്കൊക്കെ സീറ്റ് നഷ്ടമായി. ഇതിന് പിന്നാലെ മാറിനില്‍ക്കാനാണ് താത്പര്യമെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ ജയരാജന്‍ അറിയിക്കുകയായിരുന്നു.

അതേസമയം ഇ.പി ജയരാജനെ ഒഴിവാക്കിയതില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരെ ഒഴിവാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ദുര്‍ബലമെന്ന വിമര്‍ശനമായിരുന്നു ഉയര്‍ന്നത്.
പി ജയരാജനെ മാറ്റി നിർത്തിയതിൽ കണ്ണൂരിലെ പാർടി അണികളിൽ അമർഷം പുകയുന്നുണ്ട്. അതിനിടയിലാണ് ഇ പി യുടെ പരസ്യ പ്രഖ്യാപനവും വരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിച്ചിരിക്കേ ഇനിയൊരിക്കലും മത്സരിക്കാനില്ലെന്ന ഇ പി ജയരാജൻ്റെ പ്രഖ്യാപനം പാർടി സംസ്ഥാന നേതൃനിരയിൽ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ജയരാജൻ്റെ പ്രഖ്യാപനം അനവസരത്തിലായി എന്ന അഭിപ്രായം ചില ഉന്നത പാർടി വൃത്തങ്ങൾ തന്നെ പങ്കു വയ്ക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →