കൊച്ചി; മദ്ധ്യ കേരളത്തില്‍ കനത്തമഴ. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് ശക്തമായ മഴ ലഭിച്ചത്. മഴയോടൊപ്പം എത്തിയ കാറ്റില്‍ വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്തു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ വൈകിട്ടോടെയാണ് മഴയെത്തിയത്. ശക്തമായ കാറ്റില്‍ കൊച്ചി, അങ്കമാലി, കാലടി മേഖലകളും, എറണാകുളം ജില്ലയുടെ മലയോര മേഖലകളിലും കനത്ത നാശനഷ്ടമുണ്ടായി.
മേയ്ക്കലടി ലക്ഷംവീട് കോളനിയില്‍ അഞ്ചുവീടുകള്‍ ഭാഗീകമായി തകര്‍ന്നു. മറ്റൂര്‍, മണിക്കമംഗലം പ്രദേശങ്ങളില്‍ കൃഷി നാശമുണ്ടായി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം മരം കടപുഴകിവീണ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. മരത്തിനടിയില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപെടുത്തിയത്.
റെയില്‍വേ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് പലയിടത്തും തീവണ്ടി ഗതഗതം തടസപ്പെട്ടു. ജനശതാബ്ദിയടക്കം പല തീവണ്ടികളും വിവധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. വേനല്‍ മഴയില്‍ ആലുവാ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെ കെട്ടിടങ്ങള്‍ക്കു മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ജനറേറ്റര്‍ റൂം , ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ് എന്നിവക്കു മുകളിലേക്കാണ് മരം വീണത്. ഗസ്റ്റ് ഹൗസിന്റെ അനക്സ് കെട്ടിടത്തിനും നാശ നഷ്ടങ്ങളുണ്ടായി.

