ശ്രീനഗര്‍: കാശ്മീരിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് ഗുരുതര പരിക്കേറ്റു. ജമ്മു കശ്മീരിലെ ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലവേപ്പോരയില്‍ വച്ചാണ് 25/03/21 വ്യാഴാഴ്ച വെടിവയ്പ്പുണ്ടായത്. ലഷ്കര്‍ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന് ഐജി വിജയ് കുമാര്‍ പറഞ്ഞു.
വാഹന വ്യൂഹത്തിനുനേരെ സായുധരായ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. നാല് സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് വെടിയേറ്റത്. ഇവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ മൂന്ന് ജവാന്മാര്‍ ചികിൽസയില്‍ കഴിയുകയാണ്.
ഭീകരരെ കണ്ടെത്തുന്നതിനായി സുരക്ഷാ സൈന്യം പ്രദേശം വളഞ്ഞ് പരിശോധന തുടങ്ങി. മാര്‍ച്ച് 22 ന് അഞ്ച് സായുധരെ ജമ്മു കശ്മീരിലെ ഷോപിയാനില്‍വച്ച് സുരക്ഷാസേന വധിച്ചിരുന്നു. ഷോപിയാന്‍ പോലിസും സൈന്യവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.