തൃപ്രയാര്‍: ഗ്രാമ പ്രദിക്ഷണത്തിലെ സവിശേഷാചാരമായ ചാലുകുത്തല്‍ തൃപ്രയാര്‍ തേവര്‍ പൈനൂര്‍ പാടത്ത് നടന്നു. തേവര്‍ക്ക് വഴിനീളെ പറ നിറച്ചും സ്വീകരണമൊരുക്കിയും വന്‍ വരവേല്‍പ്പാണ് ഭക്തരില്‍ നിന്നും ലഭിച്ചത്. ഇതിലൂടെ തട്ടകക്കാര്‍ക്ക് കൃഷിയിറക്കാന്‍ തേവര്‍ അനുമതി നല്‍കുന്നുവെന്നാണ് വിശ്വാസം. രാവിലെ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തേവര്‍ വെന്നിക്കല്‍ ക്ഷേത്രത്തിലെ പറയെടുപ്പു കഴിഞ്ഞ് വലപ്പാട് കോതകുളത്തില്‍ ആറാടി ശേഷം ചാലുകുത്തലിനായി പൈനൂര്‍ പാടത്തെത്തി.
ചാലുകുത്തലിനായി പ്രത്യേകം തിരിച്ചിട്ട ഒരു സെന്റ് സ്ഥലത്താണ് ചടങ്ങ് നടന്നത്. കത്തിച്ചുവച്ച നിലവിളക്കിന് മുമ്പില്‍ അവകാശികളായ കണ്ണാത്ത് തറവാട് പ്രതിനിധി ശശി പറ നിറച്ചു. തുടര്‍ന്ന് അവരുടെ തിടമ്പേറ്റിയ ആന ദേവസ്വം ഗോവിന്ദന്‍ നിലത്തുനിന്ന് കൊമ്പുകൊണ്ട് മണ്ണ് കുത്തിയെടുത്ത് ദൈവീകാംശമുളള മണ്ണ് ഭക്തര്‍ക്ക് പ്രസാദമായി നല്‍കി. ഈ മണ്ണ് കൃഷിയിടത്തില്‍ തൂകിയാല്‍ മികച്ച വിളവ് ലഭിക്കുമെന്നാണ് വിശ്വാസം. ചാലുകുത്തല്‍ കഴിഞ്ഞ് തിരിച്ചെഴുന്നെളളിയ തേവര്‍ ക്ഷേത്രത്തിനകത്തെ മേളത്തിനും പറയ്ക്കും ശേഷം പുറത്തേക്കിറങ്ങി. വൈകിട്ട് തേവര്‍ രാമന്‍ കുളത്തില്‍ ആറാടി. ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നെളളി.