ന്യൂഡല്‍ഹി: രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്സിന്‍ നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 1977 ജനുവരി ഒന്നിനു മുമ്പ് ജനിച്ചവര്‍ക്ക് വാക്സിനായി രജിസ്റ്റര്‍ ചെയ്യാം. കോവിഡ് 19 നേരിടാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമാണ് 45 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കു വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നു മന്ത്രി ജാവദേക്കര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് കോവിഡ് വാക്സിനു ക്ഷാമമില്ല. ഇതുവരെ 4.85 കോടി ആളുകള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചെന്നും 80 ലക്ഷംപേര്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എട്ട് ആഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. സമയപരിധി നീട്ടുന്നതു കൂടുതല്‍ പ്രതിരോധശേഷി കൈവരാന്‍ ഉപകരിക്കുമെന്നതിനാലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് വാക്സിനേഷന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. ജനുവരിയിലാണു രാജ്യത്ത് വാക്സിനേഷന്‍ തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ആരോഗ്യ മേഖലയിലെ മുന്‍നിര പോരാളികള്‍ക്കാണു വാക്സിന്‍ ഉറപ്പാക്കിയത്.



