കൊച്ചി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ പ്രതിരോധത്തിലാക്കുന്ന സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നല്‍കിയ മൊഴിയാണ് 23/03/21 ചൊവ്വാഴ്ച പുറത്തു വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.
വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ ശ്രീരാമകൃഷ്ണന്‍ പദ്ധതിയിട്ടു എന്നാണ് മൊഴി. മിഡില്‍ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാര്‍ജയില്‍ തുടങ്ങാനായിരുന്നു പദ്ധതി. സ്ഥാപനത്തിന് ഭൂമി സൗജന്യമായി ലഭിക്കാന്‍ ഷാര്‍ജ ഭരണാധികാരിയുമായി തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വച്ച് ചര്‍ച്ച നടത്തി. ഒമാന്‍ മിഡില്‍ ഈസ്റ്റ് കോളജില്‍ ശ്രീരാമകൃഷ്ണന് നിക്ഷേപമുണ്ടെന്നും സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീരാമകൃഷ്ണനെ വൈകാതെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
2017 ഏപ്രിലില്‍ സ്വപ്‌നയും എം ശിവശങ്കറും ഒമാനില്‍ എത്തിയിരുന്നു. രണ്ടുപേരും രണ്ടു വഴിയാണ് ഒമാനില്‍ എത്തിയത്. ശിവശങ്കര്‍ ഫ്രാന്‍സില്‍ നിന്നാണ് വന്നത് എന്നാണ് വിവരം. മിഡില്‍ ഈസ്റ്റ് കോളജിന്റെ ഡയറക്ടര്‍ ഖാലിദുമായി ഇവിടെ വച്ച് ചര്‍ച്ച നടത്തിയെന്നാണ് ഇഡി സംശയിക്കുന്നത്.
ഡോളര്‍ കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സമെന്റ് സംഘത്തിന് മുമ്പാകെയാണ് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയത്. ഇതിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടായാക്കാവുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.
ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് ഇതുവരെ സാധിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇനി തടസമില്ലെന്നാണ് വിവരം.

