കൊച്ചി: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് എൻ.ഐ.എ. കേസിൽ മാപ്പുസാക്ഷിയാകാൻ സന്നദ്ധത അറിയിച്ച് രഹസ്യമൊഴി നൽകിയ അഞ്ചുപേരെയാണ് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി മാപ്പ് നൽകണമെന്ന ആവശ്യവുമായി എൻ.ഐ.എ
എറണാകുളം പ്രത്യേക കോടതിയെ 23/03/21 ചൊവ്വാഴ്ച സമീപിച്ചത്.
അടുത്തിടെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ആരോപണം ഉന്നയിച്ച മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ, മറ്റ് പ്രതികളായ മുഹമ്മദ് അൻവർ, മുസ്തഫ, അബ്ദുൽ അസീസ്, നന്ദഗോപാൽ എന്നിവർക്കാണ് മാപ്പ് നൽകണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടത്. ഇവർ നേരത്തേ കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയിരുന്നു. മാപ്പ് നൽകുന്നതോടെ ഇവർ കേസിലെ നിർണായക സാക്ഷികളായി മാറും.
22/03/21 തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ കേസിലെ പ്രതികളായ അൻവർ, അസീസ്, മുസ്തഫ, നന്ദഗോപാൽ എന്നിവർ ഹാജരായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട നടപടികൾ ഈ മാസം 29ലേക്ക് മാറ്റി. അന്ന് സന്ദീപ് നായരെ ഹാജരാക്കാനും നിർദേശമുണ്ട്.