പൊലീസ് സേനയുടെ നവീകരണത്തിന് ധാരാളം ഫണ്ടുണ്ട്, എന്നിട്ടും നീന്തൽക്കുള നിർമാണത്തിന് പൊലീസുകാരുടെ പോക്കറ്റിൽ കയ്യിടാൻ ഉന്നതരുടെ നീക്കം

തിരുവനന്തപുരം: കെഎപി രണ്ടാം ബറ്റാലിയനിൽ പുതിയ നീന്തൽ കുളം നിർമിക്കാൻ പൊലീസുകാരിൽനിന്ന് പണം പിരിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കമാൻഡന്റിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമാൻഡന്റ് നോട്ടീസ് ഇറക്കിക്കഴിഞ്ഞു.

ബറ്റാലിയനിലെ മാൻപവർ ഉപയോഗിച്ച് നിർമിക്കുന്ന നീന്തൽകുളത്തിന്റെ നിർമാണത്തിനു ഫണ്ട് നൽകാൻ താൽപര്യമുള്ളവർ അറിയിക്കണമെന്നാണ് 22/03/21 തിങ്കളാഴ്ച ഇറങ്ങിയ നോട്ടീസിലെ നിർദേശം. താൽപര്യമുള്ളവരുടെ ശമ്പളത്തില്‍നിന്ന് രണ്ടു ഗഡുക്കളായി പണം ഈടാക്കും. 3000, 2500, 2000, 1500, 1000 എന്ന രീതിയിലാണ് തുക ഈടാക്കുന്നത്.

എ പി ഐ , എ പി എ എസ് ഐ റാങ്കിലുള്ളവർ 3000 രൂപയും എച്ച് ഡി ആർ 2500 രൂപയും കോൺസ്റ്റബിൾമാർ 2000 രൂപയും ആർ ടി പി സി മാർ 1500 രൂപയും സി എഫ് മാർ 1000 രൂപയും നൽകണമെന്നാണ് നോട്ടീസിലുള്ളത്.

പൊലീസ് സേനയുടെ നവീകരണത്തിനു ധാരാളം ഫണ്ട് ഉള്ളപ്പോഴാണ് പൊലീസുദ്യോഗസ്ഥരുടെ പോക്കറ്റിൽ കയ്യിടാൻ ഇത്തരത്തിൽ ശ്രമിക്കുന്നത്. മേലുദ്യോഗസ്ഥർ സമ്മർദം ചെലുത്തി വൻ തുക പിരിച്ചെടുക്കുന്നതിനെ കുറിച്ച് നേരത്തെയും ആക്ഷേപം ഉയർന്നിരുന്നു. ഇങ്ങനെ പിരിക്കുന്ന തുകയുടെ കണക്കുകൾ സൂക്ഷിക്കാറില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.

Share
അഭിപ്രായം എഴുതാം