കൊല്ലം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലാതാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നെന്ന് സഭയുടെ ഇടയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
21/03/21 ഞായറാഴ്ച കൊല്ലം ലത്തീന്‍ രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇടയ ലേഖനം വായിക്കും.
ഇഎംസിസി കരാര്‍ പിന്‍വലിക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്. മത്സ്യബന്ധന മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കാന് ശ്രമം നടക്കുന്നു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരും പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏത് സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. വനവാസികള്‍ക്ക് വന അവകാശമുള്ളതു പോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണമെന്ന് ലേഖനത്തില്‍ പറയുന്നു.
ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്കിയതു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെയും വിമര്‍ശനമുണ്ട്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കേണ്ടത് നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് ലേഖനത്തില്‍ പറയുന്നു.

