തൊടുപുഴ: മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള കെട്ടിട മുറികളുടെ വാടക വര്‍ദ്ധിപ്പിക്കുന്ന നടപടിയില്‍നിന്നും പിന്മാറണമെന്ന് തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷനും മുനിസിപ്പല്‍ ബില്‍ഡിംഗ് ലൈസന്‍സീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിമൂലം നട്ടം തിരിയുന്ന വ്യാപാരികള്‍ക്ക് വാടക വര്‍ദ്ധനവ് താങ്ങാനാവുന്നതിനും അപ്പുറമാണ്. വ്യാപാരം ചെയ്യാനെടുത്ത ബാങ്ക് വായ്പകള്‍ എല്ലാം കുടിശികയായിട്ടുളളതും കുടുംബ ചെലവിന് തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥിതിയുമാണുളളത്.
പല സ്വകാര്യ കെട്ടിട ഉടമകളും അവരുടെ കെട്ടിട മുറികളില്‍ 2021-22 വര്‍ഷത്ത വാടക ഇളവ് നല്‍കിയിട്ടുണ്ട്. തൊടുപുഴ മുനിസിപ്പാലിറ്റി എല്ലാവര്‍ഷവും വാടകയിനത്തില്‍ 5 ശതമാനം വര്‍ദ്ധനവാണ് വരുത്താറുളളത്. എന്നാല്‍ ഈ കോവിഡ് പ്രതിസന്ധി കാലത്ത് വാടക വര്‍ദ്ധനവ് ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മെർച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയിലും, മുനിസിപ്പല്‍ ബില്‍ഡിംഗ് ലൈസന്‍സീസ് അസോസിയേഷന് പ്രസിഡന്റ് മനോജ് കോക്കാട്ടും സംയുക്ത പ്രസ്താവനയില്‍ മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.

