ടോക്കിയോ: ജപ്പാനിൽ ഭൂചലനം.റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
19/03/21 വെള്ളിയാഴ്ച) വൈകുന്നേരം 6:09 ന് (0909 ജിഎംടി) മിയാഗി മേഖലയിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) ആഴത്തിൽ പസഫികിലാണ് ചലനം ഉണ്ടായത്. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജപ്പാൻ മെട്രോളജിക്കൽ ഏജൻസി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് ബുള്ളറ്റ് ട്രെയിനുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തിവെച്ചിട്ടുണ്ട്. പ്രദേശത്തെ ന്യൂക്ലിയാർ പ്ലാന്റ് ഉൾപ്പെടെയുള്ളവയിൽ അധികൃതർ പരിശോധന നടത്തി വരികയാണ്.
അതേസമയം തകരാറിലായ ഫുകുഷിമ ഡൈചി പ്ലാന്റ്, ഒനഗാവ ന്യൂക്ലിയർ പ്ലാന്റ്, പരീക്ഷണാത്മക ന്യൂക്ലിയർ റിയാക്ടറുകൾ എന്നിവയുൾപ്പെടെ പ്രദേശത്തെ ആണവ കേന്ദ്രങ്ങളിൽ അസാധാരണമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ന്യൂക്ലിയർ റെഗുലേഷൻ അതോറിറ്റി അറിയിച്ചു.

