അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം 20/03/21 ശനിയാഴ്ച. ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇന്ത്യ രണ്ടാമതും. ഇരുടീമും രണ്ടു കളികളില്‍ ജയിച്ച് തുല്യത പാലിക്കുന്നതിനാല്‍ ഇന്നത്തെ മത്സരം ഫൈനലാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നു രാത്രി ഏഴിനു നടക്കുന്ന മത്സരം സ്റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം കാണാം.
ആദ്യ ടി20 എട്ടുവിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം മത്സരം ഏഴു വിക്കറ്റിന് ഇന്ത്യ കൈപ്പിടിയിലാക്കി. മൂന്നാം മത്സരം എട്ടുവിക്കറ്റിന് ഇംഗ്ലണ്ട്വരുതിയിലാക്കിയെങ്കിലും നിര്‍ണായകമായ നാലാമങ്കം ഇന്ത്യ എട്ടു റണ്ണിന് ജയിച്ച് പരമ്പര സമനിലയിലെത്തിച്ചു. പരമ്പര കൈവിടുമെന്ന ഘട്ടത്തില്‍ കഴിഞ്ഞ മത്സരത്തില്‍ വീറോടെ ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. അവസാന മത്സരത്തിലെ ടീമിനെ വിരാട് കോഹ്ലി അതേപടി നിലനിര്‍ത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇഷാന് കിഷന്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ അന്താരാഷ്ട്ര മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ത്തന്നെ അര്‍ധസെഞ്ചുറി നേടിയതാണ് ഈ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സന്തോഷം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവര്‍ എറിഞ്ഞ് ഒരു സ്പെഷലിസ്റ്റ് ബൗളറുടെ റോളിലേക്ക് മാറിയതും ശാര്‍ദൂല്‍ ഠാക്കൂര്‍ ഒരു മാച്ച് വിന്നര്‍ ബൗളറായി മാറിയതും ടീം മാനേജ്മെന്റിനെ ആഹ്ലാദിപ്പിക്കുന്നു. ഈവര്‍ഷം ഒടുവില്‍ നടക്കുന്ന ലോകകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പുതുമുഖങ്ങളുമായി ഇറങ്ങിയത്. അത് ഏറക്കുറെ വിജയിച്ചു.

