കൊല്ലം: പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ ഗൃഹനാഥന്‍ തലക്കടിച്ച് കൊന്നു. കൊട്ടാരക്കര പുത്തൂര്‍ മാവടി സുശീലാ ഭവനത്തില്‍ സുശീല (58)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. 19.03.2021വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശികളാണിവര്‍. ഇയാളുടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെയാണ് സുശീലയെ സോമദാസ് ഒപ്പം കൂട്ടിയത് . ആദ്യ ഭാര്യയില്‍ സോമദാസിന് മൂന്നുമക്കളുണ്ട്. രോഗിയായിരുന്ന ഭാര്യ മൂന്നുവര്‍ഷം മുമ്പാണ് മരിച്ചത്.
സോമദാസും സുശീലയും മാവടിയിലെത്തിയത് ഏഴുവര്‍ഷം മുമ്പാണ്. മാവടി ഏലായ്ക്ക് സമീപം ഏഴ് സെന്റ് ഭൂമി വാങ്ങി വീട് വെച്ചായിരുന്നു താമസം . ഈ ബന്ധത്തില്‍ കുട്ടികളില്ല. പ്രദേശത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മറ്റാരുമായും അടുപ്പമുണ്ടായിരുന്നില്ലെന്നും ദിവസവും വഴക്ക് നടക്കാറുണ്ടെന്നും അയല്‍ക്കാര്‍ പോലീസിന് മൊഴി നല്‍കി. സംഭവ ദിവസം രാവിലെ കൃഷിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയ സോമദാസ് ഭക്ഷണം വിളമ്പാന്‍ ആവശ്യപ്പെട്ടെങ്കിലും സുശീല തയ്യാറായില്ല. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും സമീപത്തുകിടന്ന വിറകെടുത്ത് സുശീലയുടെ തല അടിച്ചുപൊട്ടിക്കുകയുമായിരുന്നു.
രക്തം വാര്‍ന്ന സുശീല മരിച്ചെന്ന് ഉറപ്പാക്കിയാണ് സോമദാസ് വീടിന് പുറത്തിറങ്ങിയത്. കുളക്കട ഗ്രാമ പഞ്ചായത്താഫീസിന് മുന്നിലെത്തിയ ശേഷം അതുവഴി വന്നയാളുടെ മൊബൈല്‍ഫോണ്‍ വാങ്ങി 100ല്‍ വിളിച്ച വിവരം പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴേക്കും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. പുത്തൂര്‍ സ്‌റ്റേഷനില്‍ നിന്നെത്തിയ പോലീസ് സുശീലയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

