മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കാന്‍ ഹര്‍ജി. സുപ്രീം കോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: നൂറ്റിമുപ്പത്തിഅഞ്ചു വര്‍ഷം പഴക്കമുളള മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും കേരളത്തിനും തമിഴ്‌നാടിനും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംഘടനയായ സുരക്ഷാ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

2020 നവംബറില്‍ ഫയല്‍ ചെയ്ത ഹര്‍ജി ഇപ്പോഴാണ് പരിഗണനക്കെടുത്തത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ 2014 ലെ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിലെ പല നിര്‍ദ്ദേശങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്‍ വില്‍സ് മാത്യു കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നു. അണക്കെട്ട് ബലപ്പെടുത്താന്‍ നടപടി സ്വീകരിക്കുന്നില്ല. പാട്ടക്കരാര്‍ വ്യവസ്ഥകളും ലംഘിച്ചു. അതിനാല്‍ തമിഴ്‌നാടുമായുളള 999 വര്‍ഷത്തെ പാട്ടക്കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്കെതിരായ ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും അടുത്തമാസം 22ന് (22.04.2021)പരിണിക്കും .

1886 ഒക്ടോബര്‍ 29നാണ് അണക്കെട്ട് നിര്‍മ്മിക്കാന്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്. തിരുവിതാംകൂറിനുവേണ്ടി ദിവാന്‍ വി.രാമ അയ്യങ്കാറും മദിരാശിക്കുവേണ്ടി സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിംഗ്ടണും ആണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. കരാറിലൂടെ പെരിയാര്‍ ജലസേചന പദ്ധതിക്കായി അണക്കെട്ട് നിര്‍മ്മിക്കാനുളള എല്ലാ അധികാരവും അവകാശവും മദിരാശി സര്‍ക്കാരിന് നല്‍കുകയായിരുന്നു.പ്രതിഫലമായി തിരുവിതാംകൂറിന് പാട്ടത്തുകയായി വര്‍ഷത്തില്‍ ഏക്കറിന് അഞ്ചുരൂപ തോതില്‍ 40,000രൂപ നല്‍കാനായിരുന്നു കരാര്‍.

1896 ഫെബ്രുവരിയില്‍ അണക്കെട്ട് പൂര്‍ത്തിയായി. 1970 മെയ് 29ന് സി.അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കരാര്‍ പുതുക്കിയത്. പഴയ വ്യവസ്ഥകള്‍ അതേപടി നിലനിര്‍ത്തുകയും , പെരിയാര്‍ പവര്‍ഹൗസില്‍ വൈദ്യുതി ഉദ്പ്പാദിപ്പിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയതും കൂടാതെ പാട്ടത്തുക ഏക്കറിന് 30 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു . 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ടം സമിതിക്ക് കോടതി രൂപം നല്‍കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →