പൊരിവെയിലില്‍ പണിയെടുക്കുന്ന ഹോം ഗാര്‍ഡുകള്‍ക്ക്‌ ശമ്പളമില്ല

ഇടുക്കി: പൊരിവെയിലില്‍ മണിക്കൂറുകളോളം പണിയെടുക്കുന്ന ഹോംഗാര്‍ഡുകള്‍ക്ക്‌ മാര്‍ച്ചുമാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. മറ്റുസര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം അഞ്ചാംതീയതിക്കുമുമ്പായി ശമ്പളം ലഭിക്കുമ്പോള്‍ ഹോംഗാര്‍ഡുകള്‍ക്ക്‌ പത്താം തീയതിയോടടുത്ത ദിവസങ്ങളിലായിരുന്നു ശമ്പളംനല്‍കി വന്നിരുന്നത്‌. എന്നാല്‍ ഈ മാര്‍ച്ചുമാസം മൂന്നാഴ്‌ചകള്‍ പിന്നിട്ടിട്ടും ഇതുവരെയും ശമ്പളം നല്‌കിയിട്ടില്ല. ഫണ്ടില്ലാത്തതാണ്‌ ശമ്പളം നല്‍കാത്തതെന്നും സര്‍ക്കാര്‍ ഇതുവരെ ഫണ്ട്‌ പാസാക്കി നല്‍കിയിട്ടില്ലെന്നുമാണ്‌ വിവരം അന്വേഷിച്ച സമദര്‍ശി ഓണ്‍ലൈന്‍ ന്യൂസിനോട്‌ ഹോംഗാര്‍ഡുകളുടെ ചുമതലയുളള ഇടുക്കി അസിസ്‌റ്റന്‍റ് ‌ ഡിവിഷണല്‍ ഓഫീസര്‍ പ്രതികരിച്ചത്‌.

കേരളത്തില്‍ ഫയര്‍ ഫോഴ്‌സിലും പോലീസിലുമായി ആകെ 3000ത്തോളം ഹോംഗാര്‍ഡുകളാണുളളത്‌. 25 ശതമാനത്തോളം പേര്‍ ഫയര്‍ ഫോഴ്‌സിലും ബാക്കിയുളളവരെ പോലീസ്‌ ട്രാഫിക്ക്‌ ഡ്യൂട്ടിയിലുമാണ്‌ നിയമിച്ചിരിക്കുന്നത്‌. പ്രതിദിനം 765 രൂപയാണ്‌ ഇവര്‍ക്ക്‌ ലഭിച്ചിരുന്ന ശമ്പളം. ഇപ്രാവശ്യത്തെ ശമ്പള വര്‍ദ്ധനയില്‍ കൂട്ടിനല്‍കിയ 15 രൂപയുള്‍പ്പടെ 780 രൂപയാണ്‌ ഇപ്പോള്‍ ലഭിക്കുന്നത്‌. ഈ ശമ്പളം പോലും സമയത്ത്‌ ലഭിക്കുന്നില്ലയെന്നത്‌ ദിവസ ശമ്പളക്കാരായ ഹോംഗാര്‍ഡുകളുടെ കുടുംബബഡ്‌ജറ്റ്‌ അവതാളത്തിലാക്കുന്നതായി മനസിലാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →