വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡല്‍ഹി: കേന്ദ്ര വാഹനം പൊളിക്കല്‍ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന പഴയ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന്‌ പിന്‍വലിക്കാനും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബ്ബന്ധിതരാക്കി വാഹന വിപണിയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുളള നയമാണ്‌ ‌ ലോക്സഭയില്‍ ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിധിന്‍ ഗഡ്‌ക്കരി പ്രഖ്യാപിച്ചത്‌. ഈ വര്‍ഷം ഒടുവിലേക്ക്‌ പദ്ധതി നടപ്പില്‍ വന്നേക്കും.

20 വര്‍ഷത്തിലേറെ പഴക്കമുളള 51 ലക്ഷം വാഹനങ്ങള്‍ രാജ്യത്തുണ്ട്‌. 15 വര്‍ഷത്തിലേറെ പഴക്കമുളള 34 ലക്ഷം , 15 വര്‍ഷത്തിലേറെ പഴക്കമുളളതും ഫിറ്റ്നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഇല്ലാത്തതുമായ വാഹനങ്ങള്‍ 17 ലക്ഷം . പഴയ വാഹനങ്ങള്‍ 1012 മടങ്ങിലധികം വായുമലിനീകരണം ഉണ്ടാക്കുകയും റോഡ്‌ സുരക്ഷക്ക്‌ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. പഴയ വാഹനം പൊളിച്ചെന്ന്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കുന്നവര്‍ക്ക്‌ പുതിയ വാഹനങ്ങളുടെ വിലയില്‍ 5 ശതമാനം ഇളവ്‌ നല്‍കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കും. വാഹന ഘടകങ്ങളുടെ വില കുറയും. വാഹന വിപണി ഉണരുന്നതോടെ കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും ജി.എസ്‌.ടി വരുമാനം വര്‍ദ്ധിക്കും. . പഴയ വാഹനങ്ങള്‍ പൊളിച്ചവര്‍ക്ക്‌ പുതിയവ വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ , റോഡ്‌ നികുതി, ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അവസരമുണ്ടെന്ന്‌ മന്ത്രി ഗഡ്‌കരി വ്യക്തമാക്കി.

ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിര്‍ദ്ദേശിച്ച വാഹന നയപ്രകാരം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും 15 വര്‍ഷം കഴിഞ്ഞ വാണിജ്യവാഹനങ്ങള്‍ക്കും ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ആവശ്യമാണ്‌ . സംസ്ഥാന സര്‍ക്കാരുകളുടേയും സ്വകാര്യ മേഖലയുടേയും പങ്കാളിത്തമുളള സ്‌ക്രാപ്പിംഗ്‌ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാവും ഫിറ്റ്‌നസ്‌ പരിശോധന. പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉടമകള്‍ക്ക്‌ കനത്ത പിഴ ചുമത്തുകയും ചെയ്യും. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധനക്കാവശ്യമായ സ്ഥലസൗകര്യം ,ഐടി സെര്‍വറുകള്‍ തുടങ്ങിയവ വേണം. ടെസ്‌റ്റ് മാത്രമേ ഉണ്ടാവൂ. നന്നാക്കല്‍ വില്‍പ്പന ,സ്‌പെയര്‍ സേവനം, എന്നിവക്ക്‌ അനുവാദം ഉണ്ടാവില്ല. ടെസ്റ്റിനുളള ബുക്കിംഗും പരിശോധനാ റിപ്പോര്‍ട്ടും ഓണ്‍ലൈന്‍ ആയിരിക്കുമെന്നു മന്ത്രി പറഞ്ഞു. ടെസ്‌റ്റില്‍ പരാജയപ്പെടുകയോ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അനുവാദം ലഭിക്കാതിരിക്കുകയോ ചെയ്‌താല്‍ ആ വാഹനത്തിന്‍റെ ആയുസ്‌ കഴിഞ്ഞതായി പ്രഖ്യാപിക്കും.

പൊതുജനാഭിപ്രയം സ്വരൂപിക്കുന്നതിനായി കരട്‌ വാഹന നയം ആഴ്‌ചകള്‍ക്കകം പ്രസിദ്ധീകരിക്കും. നയം നടപ്പാകുന്നതോടെ വാഹന വിപണിയുടെ വരുമാനം നിലവിലെ 4.5 ലക്ഷം കോടിയില്‍ നിന്ന 10ലക്ഷം കോടിയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. ഉരുക്ക്‌, പ്ലാസ്റ്റിക്ക്‌ ,റബര്‍,അലൂമിനിയം തുടങ്ങി പൊളിച്ചുമാറ്റിയ വാഹന ഭാഗങ്ങള്‍ സ്‌പെയര്‍പാര്‍ട്‌സ്‌ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കും. ഇതിലൂടെ ഈ ചെലവില്‍ 3040 ശതമാനം കുറവുണ്ടാവുകയും സ്‌പെയര്‍പാര്‍ട്‌സ്‌ വില വന്‍തോതില്‍ കുറയുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →