സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഗോവയിലെ ലോസെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നല്‍കിയത് ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജിയില്‍ നിയമനം റദ്ദാക്കിയാണ് സുപ്രധാന വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും സ്വതന്ത്രമായി തീരുമാനമെടുക്കാനുളള അധികാരവും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്ന് ജസ്റ്റീസ് ആര്‍എഫ് നരിമാന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ജസ്റ്റീസ്മാരായ ബി.ആര്‍ ഗവായി, ഹൃഷികേഷ് റോയി എന്നിവരാണ് ബെഞ്ചിലുള്‍പ്പെട്ട മറ്റ് രണ്ടുപേര്‍. ഇത്തരം നിയമനങ്ങള്‍ നിയമത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 243(4) പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷണറാണുളളതെന്ന് ഉറപ്പു വരുത്തണം. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ വനിത,എസ്.സി/ എസ്.ടി, സംവരണ വാര്‍ഡുകള്‍ കൂട്ടത്തോടെ ജനറല്‍ വാര്‍ഡുകളാക്കിയതിനെയും തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തെയും ചോദ്യം ചെയ്ത് ഗോവ ഹൈക്കോടതിയില്‍ 9 റിട്ട് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിഷ്പക്ഷനായി പ്രവര്‍ത്തിക്കണമെന്നും സംവരണ സീറ്റുകള്‍ പുനസ്ഥാപിക്കണമെന്നും ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഹൈക്കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഗോവ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി സുപ്രീം കോടതി ഇടപെടലുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →