ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് വരുമാനം നേടാനുളള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയില്‍ പകുതിയോളം തുകയും റെയില്‍വേ, ടെലികോം വിഭാഗങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് കേന്ദ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ആകെ 2.50 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യമിടുന്നത്. ഇതില്‍ റെയില്‍വേ ആസ്തികളുടെ വില്‍പ്പനയിലൂടെ 90,000കോടിയും, ടെലികോം ആസ്തി വില്‍പ്പനയിലൂടെ 40,000കോടി രൂപയും നേടുമ്പോള്‍ ഇരുവിഭാഗങ്ങളില്‍ നിന്നു മാത്രമായി 1.30 ലക്ഷം കോടി രൂപ ലഭിക്കും.
സമാഹരണ ലക്ഷ്യത്തില്‍ 30,000കോടി രൂപ റോഡ്/ഹൈവേ വിഭാഗത്തില്‍ നിന്നാണ് .ഊര്‍ജ മേഖലയില്‍ നിന്ന് 27,000കോടി രൂപ ,വ്യോമ യാനം-20,000കോടി രൂപ ,പെട്രോളിയം, 17,000കോടി രൂപ, തുറമുഖം/ഷിപ്പിംഗ് -4,000കോടിരൂപ എന്നിങ്ങനെയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. പൊതുമേഖലാ ആസ്തി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാനുളള വെയര്‍ഹൗസുകള്‍ ,ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവക്കാണ് ചെലവഴിക്കുക.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22ലേക്കുളള ബഡ്ജറ്റിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ആസ്തി വില്‍പ്പനയും സ്വകാര്യ വല്ക്കരണവും പ്രഖ്യാപിച്ചത്. വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ക്ക് നീതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെയില്‍വേയുടെ ആസ്തി വില്പ്പനക്കുപുറമേ സ്വകാര്യ ട്രെയിനുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കും. ബിഎസ് എന്‍എല്‍, എംടിഎന്.എല്‍ എന്നിവയുടെ ടവറുകളും ഒപ്ടിക്ക് ഫൈബര്‍ സൗകര്യങ്ങളും വിറ്റഴിച്ചേക്കും.

