ദമ്മാം : മത്സ്യ ബന്ധനത്തിനിടയില്‍ മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മത്സ്യ തൊഴിലാളി മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ സേവ്യര്‍ യേശുനേഷനാണ് മരിച്ചത് . മൃതദേഹം നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു.
കരയില്‍ നിന്ന് നാലുമണിക്കൂര്‍ അകലെ വച്ചാണ് മസ്തിഷ്‌ക്കാഘാതം ഉണ്ടായത്. കൂടെയുളളവര്‍ അദ്ദേഹത്തെ ഖത്തീഫ് അല്‍ സഹ്‌റ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. മരണം നടന്നത് കടലില്‍ വെച്ചായതിനാല്‍ നിയമപരമായ നൂലാമാലകള്‍ നിരവധി ഉണ്ടായിരുന്നു. സേവ്യറിന്റെ സുഹൃത്തുക്കള്‍ നവയുഗം കേന്ദ്രകമ്മറ്റി അംഗം അരുണ്‍ ചാത്തന്നൂരിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.
അരുണ്‍ അറിയിച്ചതനുസരിച്ച് നവയുഗം കേന്ദ്ര രക്ഷാധികാരി ഷാജി മതിലകം കേസില്‍ ഇടപെടുകയും കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട് നിയമപരമായ നൂലാമാലകള്‍ പെട്ടെന്നുതന്നെ പരിഹരിക്കുകയും ചെയ്തു. സ്‌പോണ്‍സര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് അടിക്കാനുളള ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ജവാസത്ത ഓഫീസറുടെ സഹായത്തോടെ അതിനുളള സൗകര്യവും ചെയ്തുകൊടുത്തു. നിയമ നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.

