തനിക്കെതിരായ ലൈംഗിക വീഡിയോ വ്യാജമെന്ന് കര്‍ണാടക മന്ത്രി രമേഷ് ജാര്‍ക്കിഹോളി

ബെംഗളൂരു. : തനിക്കെതിരെയുളള ലൈംഗിക വീഡിയോ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപെടുത്താന്‍ എതിരാളികള്‍ വ്യാജമായി തയ്യാറാക്കിയതാണെന്നും രാജിവെച്ച കര്‍ണാടക ബിജെപി മന്ത്രി രമേഷ് ജാര്‍ക്കി ഹോളി. താന്‍ രാഷ്ട്രീയ ഗൂഡാലോചനയുടെ ഇരയാണെന്നും പുറത്തുവന്ന വീഡിയോ 100 ശതമാനം വ്യാജമാണെന്നും ജാര്‍ക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് 2021 മാര്‍ച്ച് മൂന്നിനാണ് ജാര്‍ക്കി ഹോളി മന്ത്രിസ്ഥാനം രാജിവച്ചത്. മന്ത്രിയും യുവതിയും ഉള്‍പ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോ പുറത്തുവന്നത് കര്‍ണാടക ബിജെപിയിലും സര്‍ക്കാരിലും വലിയ വിവാദം ഉയര്‍ന്നിരുന്നു. കര്‍ണാടക പവര്‍ ട്രാന്‍സ് മിഷന്‍ കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ജാര്‍ക്കി ഹോളി യുവതിയെ പീഡിപ്പിച്ചുവെന്നായിരുന്നു സോഷ്യല്‍ ആക്ടിവിസ്റ്റായ ദിനേഷ് കലഹളളി ആരോപിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ലൈംഗിക ദൃശ്യങ്ങള്‍ പുറത്താകുന്നതിന് 26 മണിക്കൂര്‍ മുമ്പ് പാര്‍ട്ടി ഹൈക്കമാന്റ് വിളിച്ച് നാളെ വൈകിട്ട് 5 നും ആറിനും ഇടയില്‍ സിഡി റിലീസാകുമെന്ന് മുന്നറിയിപ്പ് തന്നിരുന്നുവെന്നും എന്നാല്‍ താന്‍ നിരപരാധിയായതിനാല്‍ നിയമ നടപടികള്‍ വേണ്ടെന്നാണ് ചിന്തിച്ചതെന്നും മുന്‍ മന്ത്രി പറയുന്നു. സംഭവത്തിന്റെ ഗൂഡാലോചനയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന് പങ്കുളളതായും രാഷ്ട്രീയ എതിരാളികള്‍ 20 കോടി രൂപ ചെലവിട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ സിഡി തയ്യാറാക്കുകയായിരുന്നെന്നും ജാര്‍ക്കി ഹോളി ആരോപിച്ചു.

ആരോപണമുന്നയിച്ച യുവതിക്ക് അഞ്ചുകോടി രൂപയും വിദേശത്ത് രണ്ടുമുറി അപ്പാര്‍ട്ട്‌മെന്റും അവര്‍ നല്‍കിയെന്നും ജാക്കി ഹോളി ആരോപിച്ചു. അതേസമയം ലൈംഗിക വീഡിയോയിലെ ദൃശ്യങ്ങളിലെ സംഭാഷണത്തില്‍ യെഡിയൂരപ്പ അഴിമതിക്കാരനാണെന്ന് ജാര്‍ക്കി ഹോളി പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. യെഡിയൂരപ്പയെ മാറ്റി കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി മുഖ്യമന്ത്രിയാകുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →