ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ ആപ്പ്

കാസർകോട്: ജാഗ്രതയുള്ള പൗരൻമാർക്ക് തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടലംഘനം കമ്മീഷനെ നേരിട്ടറിയിക്കാൻ സിവിജിൽ മൊബൈൽ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വരുന്ന തീയതി മുതൽ ഈ ആപ്പ് ഉപയോഗിച്ച് പരാതികൾ അയക്കാം. 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും.

ഈ ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ അയക്കാൻ പറ്റൂ. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോ/വീഡിയോ എടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാൽ ഈ ഡിജിറ്റൽ തെളിവ് ഉപയോഗിച്ച് എം.സി.സി സ്‌ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാനാവും. ക്യാമറയും മികച്ച ഇന്റർനെറ്റ് കണക്ഷനും ജി.പി.എസ് സൗകര്യവുമുള്ള ഏത് ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണിലും സിവിജിൽ ഇൻസ്റ്റാൾ ചെയ്യാം.

ജില്ലാ കൺട്രോൾ റൂം, റിട്ടേണിംഗ് ഓഫീസർ, ഫ്‌ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവയുമായി പൗരൻമാർക്ക് നേരിട്ട് ബന്ധം പുലർത്താൻ സിവിജിൽ സഹായിക്കുന്നു. ആകെ വേണ്ടത് ഇത്രമാത്രം. ആപ്പ് ഉപയോഗിച്ച് ചട്ടലംഘനത്തിന്റെ ചിത്രം അല്ലെങ്കിൽ രണ്ട് മിനിറ്റ് വീഡിയോ എടുത്ത് അതിന്റെ ഒരു ലഘുവിവരണം നൽകി പരാതി രജിസ്റ്റർ ചെയ്യുക. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടുന്നതിനാൽ അത് ബന്ധപ്പെട്ട ജില്ലാ കൺട്രോൾ റൂമിലേക്ക് നേരിട്ട് അയക്കപ്പെടും. ഇതിലൂടെ ഫ്‌ളയിംഗ് സ്‌ക്വാഡിനെ നിമിഷങ്ങൾക്കകം അങ്ങോട്ടേക്ക് തിരിച്ചുവിടാൻ കഴിയുന്നു.

ഫോൺ നമ്പർ നൽകി ഒ.ടി.പിയും വ്യക്തിവിവരങ്ങളും നൽകി പരാതി സമർപ്പിക്കുന്നയാൾക്ക് തുടർനടപടികൾ അറിയാൻ ഒരു സവിശേഷ ഐ.ഡി ലഭിക്കും. പരാതിക്കാരന് അജ്ഞാതനായി നിന്ന് പരാതി നൽകാനുള്ള സംവിധാനവും ആപ്പിലുണ്ട്. പക്ഷേ, ഇങ്ങനെ പരാതി നൽകുന്നയാൾക്ക് പരാതിയുടെ തുടർവിവരങ്ങൾ ആപ്പ് വഴി അറിയാൻ കഴിയില്ല. റിട്ടേണിംഗ് ഓഫീസറിൽനിന്ന് നേരിട്ട് അന്വേഷിച്ചറിയാനേ കഴിയൂ.

പരാതി ജില്ലാ കൺട്രോൾ റൂമിന് ലഭിച്ചാൽ അത് ഫീൽഡ് യൂനിറ്റിന് കൈമാറും. ഫീൽഡ് യൂനിറ്റിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ, സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ എന്നിവയുണ്ടാവും. ഫീൽഡ് യൂനിറ്റിന് അവർ ഉപയോഗിക്കുന്ന സിവിജിൽ ഇൻവെസ്റ്റിഗേറ്റർ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് നേരിട്ട് എത്താൻ കഴിയും. ഫീൽഡ് യൂനിറ്റ് സ്ഥലത്തെത്തി നടപടി എടുത്ത ശേഷം തുടർതീരുമാനത്തിനും തീർപ്പിനുമായി ഇൻവെസ്റ്റിഗേറ്റർ ആപ്പ് വഴി റിട്ടേണിംഗ് ഓഫീസർക്ക് ഫീൽഡ് റിപ്പോർട്ട് നൽകും. സംഭവം യഥാർഥമാണെന്ന് കണ്ടെത്തുന്ന പക്ഷം വിവരങ്ങൾ തുടർനടപടികൾക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷനൽ ഗ്രീവൻസ് പോർട്ടലിലേക്ക് അയക്കും. 100 മിനിറ്റിനകം പരാതി നൽകിയയാൾക്ക് വിവരം നൽകുകുയും ചെയ്യും.

ദുരുപയോഗം ഒഴിവാക്കാൻ കഴിയും വിധമാണ് ആപ്പിന്റെ രൂപകൽപന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരമായി അതിർത്തിക്കുള്ളിൽ മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ. സിവിജിലിൽ ഫോട്ടോ/വീഡിയോ എടുത്ത ശേഷം അപ്‌ലോഡ് ചെയ്യാൻ അഞ്ച് മിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തെ റെക്കോഡ് ചെയ്ത ഫോട്ടോ/വീഡിയോ ആപ്പിൽ അപ്‌ലോഡ് ചെയ്യാനാവില്ല. ആപ്പിലെടുത്ത ഫോട്ടോ/വീഡിയോ ഫോൺ ഗാലറിയിൽ നേരിട്ട്  സേവ് ചെയ്യാനും കഴിയില്ല. തുടർച്ചയായി ഒരേ സ്ഥലത്തുനിന്ന് ഒരേ പരാതികൾ നൽകുന്നത് ഒഴിവാക്കാനും സംവിധാനമുണ്ട്. ഒരാൾക്ക് ഒരു പരാതി നൽകി 15 മിനിറ്റിന് ശേഷം മാത്രമേ അടുത്ത പരാതി നൽകാനാവൂ. 

ലഭിക്കുന്ന പരാതികൾ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധമില്ലാത്തതോ വ്യക്തിപരമോ ആവർത്തനപരമോ ആയാൽ തള്ളിക്കളയാൻ ജില്ലാ കൺട്രോൾ റൂമിന് അധികാരമുണ്ട്. ഗൂഗിൾ പ്ലേസ്‌റ്റോറിൽ cV-IGIL എന്ന് സർച്ച് ചെയ്താൽ സിവിജിൽ ആപ്പ് ലഭ്യമാവും

Share
അഭിപ്രായം എഴുതാം