ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ല, താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ വിലക്കി ഹൈക്കോടതി

കൊച്ചി: ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് ഹൈക്കോടതി. സര്‍കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിര്‍ദേശം മൂന്നാഴ്ചയ്ക്കകം ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകള്‍ക്കും നല്‍കണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച(08/03/21) നിര്‍ദേശം നൽകി.

സര്‍കാര്‍ സ്ഥാപനങ്ങള്‍, സര്‍കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലാണ് ഹൈക്കോടതി തടഞ്ഞത്. ഒരു തസ്തികയില്‍ ഏറെ നാള്‍ ജോലി ചെയ്തുവെന്ന പേരില്‍ സ്ഥിരപ്പെടുത്തല്‍ അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തില്‍ താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ വിലക്കിക്കൊണ്ട് ചീഫ് സെക്രടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ഐ എച് ആര്‍ ഡി വകുപ്പില്‍ സ്ഥിര നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാരും പി ഗോപിനാഥും ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

അതേസമയം ഇതുവരെ നടപ്പാക്കിയ സ്ഥിരപ്പെടുത്തല്‍ നടപടികളില്‍ ഈ ഉത്തരവ് ബാധകമാണോ എന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടില്ല. നേരെത്തെ 10 പൊതുമേഖ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്താല്‍ കോടതി താത്കാലികമായി തടഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →