പൊന്നാനി: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പൊന്നാനിയില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി രൂക്ഷം. പാര്‍ട്ടിയിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജിവെച്ചു. ടികെ മഷൂദ്, നവാസ്, ജമാല്‍ എന്നിവരാണ് രാജിവെച്ചിരിക്കുന്നത്. ഇതിനു പുറമെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ച സ്ഥാനാര്‍ത്ഥി പി നന്ദകുമാറിനെ അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പൊന്നാനി പ്രാദേശിക നേതൃത്വം.
സിദ്ദിഖിനെ അനുകൂലിച്ച് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ 08/03/21 തിങ്കളാഴ്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ടി.എം.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് പൊന്നാനിയിൽ സിപിഐഎം പ്രവര്‍ത്തകർ പ്രകടനം നടത്തിയിരുന്നു.
സ്പീക്കർ പി.ശ്രീരാമകൃഷ്ണനു പകരം ടി.എം.സിദ്ദിഖിനെയാണ് പൊന്നാനിയിലേക്ക് സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ പേരു നിർദേശിക്കപ്പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം 07/03/21 ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.