അമിത് ഷാ പറഞ്ഞ ദുരൂഹമരണമേത് ..? അറിയില്ലെന്ന് കെ സുരേന്ദ്രൻ, തന്റെ സഹോദരന്റെ മരണമാണ് ഉദ്ദേശിച്ചതെങ്കിൽ തെളിവ് പുറത്തു വിടണമെന്ന് കാരാട്ട് റസാഖ്

തിരുവനന്തപുരം: കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ സമാപന പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പരാമർശിച്ച ആ ദുരൂഹ മരണത്തിനു പിന്നാലെയാണ് രാഷ്ട്രീയ കേരളം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു ദുരൂഹമരണം സംഭവിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തിയോ എന്നുമാണ് പ്രസംഗത്തിനിടെ അമിത് ഷാ ചോദിച്ചത്.
എന്നാല്‍ അമിത് പറഞ്ഞ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. സംശയാസ്പദമായ മരണം സംഭവിച്ചെന്ന് പറഞ്ഞത് അമിത് ഷായാണ്. അതുകൊണ്ട് അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെ കുറിച്ചാണ് ഷാ പറഞ്ഞതെന്നും അതല്ല കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂറിന്റെ മരണത്തെ കുറിച്ചാണ് അമിത് ഷാ പറഞ്ഞതെന്നുമുള്ള അഭ്യൂഹങ്ങൾ ഇതോടെ പരന്നു. സ്വര്‍ണകടത്തുക്കേസുമായി ബന്ധപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില്‍ അക്കാര്യം അന്വേഷിക്കട്ടെയെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് 08/03/21 തിങ്കളാഴ്ച പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ക്ക് അമിത് നിര്‍ദേശം നല്‍കട്ടെ. സഹോദരന്റെ മരണത്തെക്കുറിച്ച് കുടുംബത്തിന് സംശയങ്ങളില്ല. രണ്ടു വര്‍ഷം മുന്‍പാണ് സഹോദരന്‍ മരിച്ചത്. ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചാണ്. അമിത് ഷായുടെ കൈയില്‍ തെളിവുകളുണ്ടെങ്കില്‍ അത് വെളിപ്പെടുത്തട്ടെ. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ഒരാളാണല്ലോ അങ്ങനെ പറഞ്ഞതെന്നും കാരാട്ട് റസാഖ് പറഞ്ഞു.

2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരന്‍ അബ്ദുള്‍ ഗഫൂര്‍ താമരശേരിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഗഫൂറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →