കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് നിശ്ചയിച്ച പശ്ചിമ ബംഗാളിലേക്ക് ഉടൻ പുറപ്പെടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സർക്കാരിപ്പോൾ കൊൽക്കത്തയിലാണ് അതുകൊണ്ട് കർഷകരും കൊൽക്കത്തയ്ക്ക് പുറപ്പെടുകയാണെന്ന് രാകേഷ് ടികായത് 07/03/21 ഞായറാഴ്ച പറഞ്ഞു. മാർച്ച് 13 ന് കൊൽക്കത്തയിലെത്തി അവിടുത്തെ കർഷകരോട് സംസാരിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി ബി.ജെ.പിയുടെ മുൻ നിര നേതാക്കൾ ഇതിനോടകം നിരവധി തവണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പശ്ചിമ ബംഗാൾ സന്ദർശിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളിൽ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പി ശ്രമങ്ങൾ സജീവമാക്കുന്നതിനിടെയാണ് കർഷകരുമായി സംവദിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് പറഞ്ഞത്.
കേരളമുൾപ്പെടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ പ്രചരണത്തിനിറങ്ങുമെന്ന് സമരം ചെയ്യുന്ന കർഷകർ നേരത്തെ അറിയിച്ചിരുന്നു. കർഷകദ്രോഹനയങ്ങൾ സ്വീകരിക്കുന്ന ബി.ജെ.പിക്ക് വോട്ട് നൽകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നായിരുന്നു സംയുക്ത കിസാൻ മോർച്ച പറഞ്ഞത്.

