വെളളനാട് : വെളളനാട് വെളിയന്നൂരില്‍ കരമനയാറിന്‍റെ കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ട് മരിച്ചു. വെളളനാട് ചാങ്ങ സൗമ്യഭവനില്‍ നികേഷ് (ഗിരീഷ് )-സൗമ്യ ദമ്പതികളുടെ മകന്‍ സൂര്യ(14), വട്ടിയൂര്‍ക്കാവ് പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡ് വെളിയന്നൂര്‍ അഞ്ജനയില്‍ ഉണ്ണികൃഷ്ണന്‍-രജനി ദമ്പതികളുടെ മകന്‍ അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. വെളളനാട് ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.
ഇന്നലെ വൈകിട്ട് നാലുമണിയോടെ വെളിയന്നൂരില്‍ വില്ലുപാറ കടവിന് സമീപത്തെ കടവില്‍ കുളിക്കാന്‍ പോവുകയായിരുന്നു. അക്ഷയ് കൃഷ്ണയാണ് ആദ്യം കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍ പെട്ട അക്ഷയിനെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് സൂര്യയും ഒഴുക്കില്‍ പെട്ടത്.
ഇത് കണ്ടുനിന്ന അനന്തു ചാടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു സുഹൃത്ത് പിടിച്ചു നിര്‍ത്തുകയായിരുന്നു. ഇവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഒഴുക്കില്‍ പെട്ട ഇരുവരേയും വെളളത്തില്‍ നിന്ന് കരക്കെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അക്ഷയ് കൃഷ്ണയുടെ സഹോദരന്‍ അഞ്ജയ് കൃഷ്ണ.

