തൊടുപുഴ : തോട്ടുങ്കരക്കുസമീപം റോഡരുകില്‍ പ്രത്യക്ഷപ്പെട്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനംവകുപ്പുദ്യോഗസ്ഥരെ അറിയിച്ചു. പക്ഷെ നേരമേറെയായിട്ടും വനംവകുപ്പുദ്യോഗസ്ഥര്‍ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ വെട്ടിലായി. സംഭവം അറിഞ്ഞ് പാമ്പിനെ കാണാന്‍ പഞ്ചായത്ത് അംഗം അരുണ്‍ പൂച്ചക്കുഴിയെത്തി. പലതവണ വനം വകുപ്പുകാരെ വിളിച്ചെങ്കിലും രാത്രി ഡ്യൂട്ടി രണ്ട് വനിതകള്‍ക്ക് ആയതിനാല്‍ രാത്രി എത്താന്‍ കഴിയില്ലെന്നായിരുന്നു മറുപടി.
ഇവര്‍ വരുന്നതുവരെ പാമ്പിനെ സൂക്ഷിക്കാന്‍ പ്രദേശവാസികള്‍ക്കും ഭയമായി. തുടര്‍ന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം അരുണ്‍ പൂച്ചക്കുഴി പെരുമ്പാമ്പിനെ ഏറ്റെടുത്തു. ഏറെ നേരം നോക്കി മറ്റുുമാര്‍ഗ്ഗമില്ലാതെ പഞ്ചായത്തംഗം സുഹൃത്തിനേയും കൂട്ടി പാമ്പിനെ മുട്ടം പോലീസ് സ്‌റ്റേഷനിലെത്തിച്ചു.പോലീസുകാര്‍ പാമ്പിനെ കൈപ്പറ്റി. പിന്നീട് പോലീസ് ജീപ്പില്‍ മൂലമറ്റത്തെ സെക്ഷന്‍ ഫോറസ്‌റ്റ് ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് പാമ്പിനെ ഇടുക്കി വനത്തില്‍ തുറന്നുവിട്ടു.



