ലക്നൗ: കര്‍ഷക സമരത്തിന്, സഹകരണ സംഘങ്ങളില്‍ പാല് വിതരണം ചെയ്യുന്നത് നിര്‍ത്തിവെച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശിലെ ക്ഷീരകര്‍ഷകര്‍. ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ റസൂല്‍പുര്‍ മാഫി, ചുച്ചാലിയ കൂര്‍ദ്, ശഹ്സാദ്പുര്‍ എന്നീ ഗ്രാമങ്ങളിലെ കര്‍ഷകരാണ് സഹകരണ സംഘങ്ങള്‍ക്ക് പാല് നല്‍കുന്നത് നിര്‍ത്തിയത്. മാര്‍ച്ച് ആറ് മുതല്‍ ഒരു ലിറ്റര്‍ പാലിന് 100 രൂപ വെച്ച് വില്‍ക്കാനാണ് കര്‍ഷകര്‍ തീരുമാനമെടുത്തിരിക്കുന്നത്. സഹകരണ സംഘങ്ങളില്‍ 35 രൂപയ്ക്കാണ് ഇവര്‍ പാല് കൊടുത്തിരുന്നത്. സഹകരണ സംഘങ്ങളുടെ പാത്രങ്ങള്‍ തലകീഴായി കമിഴ്ത്തിവെച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചപ്പോള്‍ പാല് സംഭരണത്തിനെത്തിയ സഹകരണ സംഘങ്ങളുടെ ടാങ്കറുകള്‍ കാലിയായി തിരിച്ചുപോയി. വിവാദ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇരിക്കുന്ന ഞങ്ങളുടെ സഹോദരങ്ങളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതിനാണ് ഞങ്ങള്‍ ഇത് ചെയ്യുന്നതെന്നും കര്‍ഷകര്‍ വ്യക്തമാക്കി