ഇനി അഴീക്കോട് വേണ്ടെന്ന് കെ എം ഷാജി , കാസർഗോഡ് പരിഗണിക്കണം

കണ്ണൂർ : അഴീക്കോട് മത്സരിക്കാനില്ലെന്ന് കെഎം ഷാജി. പകരം കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ഷാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ഷാജി ലീഗ് നേതൃത്വത്തെ അറിയിച്ചു. കാസര്‍ഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് ഷാജി വ്യക്തമാക്കി. അല്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വെച്ചുമാറണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുമെന്നായിരുന്നു കെഎം ഷാജി നേരത്തെ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ഷാജിയുടെ ആവശ്യം.

എന്നാല്‍ കാസര്‍ഗോഡ് ഇത്തവണയും എന്‍എ നെല്ലിക്കുന്നിന് തന്നെയാണ് മുന്‍തൂക്കം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനവും നെല്ലിക്കുന്നിനെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയില്‍ നിന്നും കെഎം പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്. തുടര്‍ന്ന് 2016ല്‍ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി മണ്ഡലം നിലനിര്‍ത്തി. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പ്ലസ് ടു അഴിമതിക്കേസില്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ മണ്ഡലത്തിലെ ജയസാധ്യതയില്‍ ആശങ്കയുണ്ട്.

Share
അഭിപ്രായം എഴുതാം