‘ഉറപ്പാണ് എൽ ഡി എഫ് ‘ പുതിയ ക്യാപ്ഷനുമായി ഇടതു മുന്നണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അന്തിമ ഘട്ടത്തിലെത്തുമ്പോള്‍ പുതിയ പ്രചരണ വാക്യവുമായി എല്‍ഡിഎഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പ്രചരണ വാക്യം . മുഖ്യമന്ത്രിയുടെ ചിത്രത്തോടൊണ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഉറപ്പാണ് എല്‍ഡിഎഫ് എന്നതിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളുമുണ്ട്. സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രത്തിനൊപ്പമാണ് പ്രചരണ വാക്യം. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ക്യാമ്പയിന്‍ ശക്തമായി കഴിഞ്ഞു.

എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം.

സംസ്ഥാനത്ത് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആയിരിക്കും. കേരളത്തില്‍ 40,771 പോളിംഗ് ബൂത്തുകളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചു. 80 വയസുകഴിഞ്ഞവര്‍ക്ക് തപാലായി വോട്ട് ചെയ്യാമെന്ന സുപ്രധാന പ്രഖ്യാപനവും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തി. അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സേവനം പ്രയോജനപ്പെടുത്താം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വോട്ടെടുപ്പ് സമയം ഒരുമണിക്കൂര്‍ വരെ നീട്ടാനും അനുവാദമുണ്ട്. രാവിലെ 7 മുതല്‍ വൈകീട്ട് 6 മണി വരെ വോട്ട് ചെയ്യാനാകും.

Share
അഭിപ്രായം എഴുതാം