ഇടുക്കി ജില്ലക്ക് 12,000 കോടിയുടെ പാക്കേജ് പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കട്ടപ്പന: ഇടുക്കി ജില്ലക്ക് 12,000കോടിയുടെ പാക്കേജിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ കട്ടപ്പനയില്‍ നടത്തി. ജില്ലയിലെ കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും ദാരിദ്ര്യനിര്‍മ്മര്‍ജനവും ലക്ഷ്യമിട്ടാണ് പാക്കേജ്. പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല നടപ്പാക്കാനുളളതാണ് പാക്കേജെന്നും ഇതിന് സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കാവുന്ന പാക്കേജാണ് പ്രഖ്യാപച്ചത്. ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ പര്യാപ്തമാണ് പാക്കേജെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൃഷി ,ടൂറിസം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി ആറ് മേഖലകളില്‍ ഊന്നിയുളള വികസനമാണ് ലക്ഷ്യം. വയനാടിന് പുറമേ ഇടുക്കി കാപ്പിയും ബ്രാന്റ് ചെയ്യും. ഇടുക്കിയിലെ സുഗന്ധവ്യജ്ഞനങ്ങള്‍ ബ്രാന്റ് ചെയ്ത് വിദേശ മാര്‍ക്കറ്റില്‍ എത്തിക്കും. ട്രീബാങ്കിംഗ് സ്‌കീമിന് രൂപം നല്‍കും വിവിധ വകുപ്പുകളിലെ വികസന പദ്ധതികള്‍ക്ക് പ്രതിവര്‍ഷം ചെലവഴിക്കുന്നത് 250-300 കോടിയാണ് .എന്നാല്‍ പാക്കേജിലൂടെ അത് 1000കോടിയായി ഉയരും.പാക്കേജിലെ ബാക്കി തുക പാര്‍പ്പിടം കുടിവെളളം,ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിക്ഷേപവും പാശ്ചാത്തല സൗകര്യം ഒരുക്കലുമാണ്.

പാക്കേജില്‍ കൂടുതല്‍ പരിഗണന കൃഷിക്കാണ്. 3260 കോടി. ടൂറിസത്തിന് 750കോടി. 3000കോടി ചെലവില്‍ ഇടുക്കി വൈദ്യുതി പദ്ധതിയുടെ രണ്ടാം ഘട്ടമായ 780 മെഗാവാട്ട് പദ്ധതിയുടെ ഉല്‍പ്പാദനം രണ്ടുവര്‍ഷത്തിനകം ആരംഭിക്കും. പാക്കേജ് നടത്തിപ്പിനായി സ്‌പെഷല്‍ ഓഫീസറെ നിയമിക്കും. കട്ടപ്പന പഴയ ബസറ്റാന്റില്‍ നടന്ന സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷനായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →