നിതീ ആയോഗ് യോഗത്തില്‍ കര്‍ഷക പ്രശ്‌നങ്ങളും ജിഎസ്ടിയും ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നിതീ ആയോഗ് യോഗത്തില്‍ കര്‍ഷകസമരം, ജിഎസ്ടി നഷ്ടപരിഹാരം, കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കര്‍ഷക സമരത്തിന് അടിയന്തര പരിഹാരം ഉറപ്പാക്കണമെന്നും സംസ്ഥാനത്തിനുള്ള ജിഎസ്ടി നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കോവിഡ് -19 വാക്‌സിനേഷന്റെ മുന്‍ഗണനാ പട്ടിക തീരുമാനിക്കുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വിവാദ കാര്‍ഷിക നിയമങ്ങളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നത് സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടങ്ങളും പ്രശ്‌നങ്ങളുമടങ്ങിയ റിപ്പോര്‍ട്ടും അദ്ദേഹം അവതരിപ്പിച്ചു.

2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവിലെ പഞ്ചാബിന്റെ ജിഎസ്ടി നഷ്ടപരിഹാര തുകയായ 8,253 കോടി രൂപയാണ് അദ്ദേഹം വേഗത്തില്‍ നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കൃഷി എന്നത് സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് ഭരണഘടനയിലെ സഹകരണ ഫെഡറലിസം വ്യവസ്ഥ ചൂണ്ടികാട്ടി കൊണ്ട് അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമനിര്‍മ്മാണങ്ങളില്‍ സംസ്ഥാനം ഇതിനകം ഭേദഗതികള്‍ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ 60 ശതമാനം തൊഴിലാളികളെയും ബാധിക്കുന്ന ഒരു മേഖലയിലെ ഏതൊരു പരിഷ്‌കാരവും എല്ലാ പങ്കാളികളുമായും വിപുലമായ ചര്‍ച്ചകളിലൂടെയും മാത്രമേ കൊണ്ടുവരാവൂ എന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →