സംസ്ഥാനത്ത്‌ കാന്‍സര്‍ രജിസ്‌ട്രി നിര്‍ബ്ബന്ധമാക്കുന്നു

തിരുവനന്തപുരം : അര്‍ബുദ രോഗികളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ടുളള കേരള കാന്‍സര്‍ രജിസ്‌ട്രി സജ്ജമാക്കുന്നതിന്‍റെ ഭാഗമായി അര്‍ബൂദ രജിസ്‌ട്രേഷന്‍ നിര്‍ബ്ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ -സ്വകാര്യആശുപത്രികളിലടക്കം റിപ്പോര്‍ട്ടുചെയ്യുന്ന കേസുകള്‍ ഒരുമാസത്തിനുളളില്‍ നിര്‍ബ്ബന്ധമായും റിപ്പോര്‍ട്ടുചെയ്യണം. താഴേതട്ടിലുളള ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളും ക്യാന്‍സര്‍ സെന്‍ററുകളും വരെയുളള മുഴുവന്‍ ആശുപത്രികളേയും ഉള്‍പ്പെടുത്തിയാണ്‌ വിവരശേഖരണം നടത്തുക. ആയുഷ്‌ വിഭാഗം ഡോക്ടര്‍മാര്‍ക്കും ഇത്‌ ബാധകമാണ്‌.ഏതുതരം അര്‍ബുദമാണ്‌ കൂടുന്നത്‌, ഏതുപ്രദേശത്താണ്‌ വര്‍ദ്ധന എങ്ങനെയാണ്‌ രോഗ സാധ്യതാനിരക്ക്‌ എന്നൊക്കെ കൃത്യമായി മനസിലാക്കാന്‍ രജിസ്‌ട്രിയിലൂടെ കഴിയും.

നിലവില്‍ തിരുവനന്തപുരം ആര്‍സിസി,മലബാര്‍ കാന്‍സര്‍,തിരുവനന്തപുരം തൃശൂര്‍ മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ ആശുപത്രികളിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച്‌ ഹോസ്‌പ്പിറ്റല്‍ ബെയ്‌സ്‌ഡ്‌ കാന്‍സര്‍ രജിസ്‌ട്രി (എച്ച്‌ബിസിആര്‍)എന്ന പേരില്‍ സൂക്ഷിക്കുന്നുണ്ട്‌. മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ കണ്ണൂര്‍,കാസര്‍കോഡ്‌ ജില്ലകള്‍ കേന്ദ്രീകരിച്ചും മലബാര്‍ കാന്‍സര്‍ രജിസ്‌ട്രിയെന്ന പേരിലും വിവരസമാഹരണം നടത്തുന്നുണ്ട്‌. എന്നാല്‍ ഇവയ്‌ക്കൊന്നും നിര്‍ബ്ബന്ധ സ്വഭാവമില്ലെന്ന്‌ മാത്രമല്ല വിവരങ്ങള്‍ അതത്‌ ആശുപത്രികളില്‍മാത്രം പരിമിതവുമാണ്‌. ഇനിമുതല്‍ ഇവയെല്ലാം കേരള കാസര്‍ രജിസ്‌ട്രിക്ക്‌ കീഴിലേക്ക്‌ മാറും. കേസുകല്‍ റിപ്പോര്‍ട്ടുചെയ്യാതെ വീഴ്‌ച വരുത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →