ക്ഷീര മൃഗസംരക്ഷണ മേഖലയില്‍ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഏറ്റവും വലിയ മുന്നേറ്റം – മന്ത്രി കെ.രാജു

തൃശ്ശൂർ: കേരളത്തിലെ ക്ഷീരമൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ പുറകോട്ട് പോയിരുന്ന സ്ഥിതി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറി വലിയ മുന്നേറ്റമുണ്ടായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരവധി പദ്ധതികളാണ് ക്ഷീരമേഖലയിലെ വളര്‍ച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് മുഖാന്തരം നിര്‍മിക്കുന്ന വെള്ളാങ്കല്ലൂര്‍ വെറ്ററിനറി ആശുപത്രിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വെള്ളാങ്കല്ലൂര്‍ വെറ്ററിനറി ഹോസ്പിറ്റലിനെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ഹോസ്പിറ്റലായി മാറ്റുന്നതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി ജനപത്രിനിധികളോടും ഉദ്യോഗസ്ഥരോടും നിര്‍ദേശിച്ചു. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ അദ്ധ്യക്ഷനായി.

അരനൂറ്റാണ്ടിലേറെയായി സര്‍ക്കാര്‍ മൃഗാശുപത്രി പ്രവര്‍ത്തിക്കുന്ന വെള്ളാങ്കല്ലൂരില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച പുതിയ കെട്ടിടം മൃഗസംരക്ഷണ രംഗത്ത് ഏറെ മാറ്റങ്ങള്‍ കൊണ്ടുവരും. രണ്ടു ഘട്ടങ്ങളിലായി നിര്‍മിച്ച മൃഗാശുപത്രിയ്ക്ക് ആദ്യ ഘട്ടത്തില്‍ 49,90,000 രൂപയും രണ്ടാം ഘട്ടത്തില്‍ 12,00,000 രൂപയുമാണ് അനുവദിച്ചത്. രണ്ടാം നിലയില്‍ മൃഗാശുപത്രി കെട്ടിടവും താഴത്തെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളുമാണ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിയോടനുബന്ധിച്ച് ഓപ്പറേഷന്‍ തിയേറ്റര്‍, ക്ലിനിക്കല്‍ ലബോറട്ടറി തുടങ്ങിയവയുമുണ്ട്. ഡോക്ടറും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസറും ഉള്‍പ്പെടെ നാല് ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്. കൃഷിയും മൃഗസംരക്ഷണവും ജീവനോപാധിയായി സ്വീകരിച്ചിട്ടുള്ള കര്‍ഷകര്‍ ഏറെയുള്ള വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന് ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച മൃഗാശുപത്രി ഏറെ സഹായകരമാകും. 

വെള്ളാങ്കല്ലൂര്‍ വെറ്ററിനറി ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ്, സിനീയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ബി അജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →