നയ്പിറ്റോ: പട്ടാള അട്ടിമറിക്കെതിരേ പ്രക്ഷോഭം നടക്കുന്ന മ്യാന്മറില് പോലിസ് വെടിവയ്പ്പ് നടത്തിയതിന്റെ പിന്നാലെ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പ്രശസ്ത നടന് ലിയു മിന്നെ സൈന്യം അറസ്റ്റ് ചെയ്ത്. ഇദ്ദേഹം അടക്കം ആറ് പ്രശസ്തര്‍ പ്രതിപക്ഷത്തെ സഹായിക്കുന്നുവെന്നാണ് സൈന്യത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ ഭാര്യയാണ് നടന് അറസ്റ്റിലായ വിവരം പുറത്തറിയിച്ചത്. അതേസമയം, പോലിസിന്റെ വെടിയേറ്റ് രണ്ടുപേര്‍ കൊല്ലപ്പെടുകയും 30 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. വെടിവയ്പില്‍ ഒരു പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് തലയ്ക്കും മറ്റൊരാള്‍ക്ക് നെഞ്ചിലുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ചുപേര്‍ക്ക് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചതിനെത്തുടര്‍ന്ന് പരിക്കേല്‍ക്കുകയും ആംബുലന്‍സുകളില്‍ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടെന്ന് വെടിവയ്പ്പിന് സാക്ഷിയായ അസോസിയേറ്റഡ് പ്രസ് ജേണലിസ്റ്റ് വ്യക്തമാക്കി. മ്യാന്മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ യാങ്കോണ്‍ ആസ്ഥാനമായുള്ള മാണ്ഡലെയിലായിരുന്നു പ്രതിഷേധം. മാണ്ഡലെയിലെ യാദനാര്‍ബന്‍ ഷിപ്പ് യാര്‍ഡില്‍ പ്രതിഷേധക്കാരെ തടയാന്‍ വലിയ പോലിസ് സന്നാഹവും സൈന്യവും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഇവരോട് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാസേന തയ്യാറായില്ല. പ്രതിഷേധക്കാര്‍ക്ക് ഒപ്പമുളള തൊഴിലാളികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കാനാണ് സേന നിലയുറപ്പിച്ചതെന്ന അഭ്യൂഹം പരന്നിരുന്നു. ഇതെത്തുടര്‍ന്നാണ് സൈന്യം പിന്മാറണമെന്ന ആവശ്യം പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കികള്‍, ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍ എന്നിവ പ്രയോഗിച്ചു. എന്നാല്‍, ഇതുകൊണ്ടൊന്നും പ്രതിഷേധക്കാര്‍ പിന്‍വാങ്ങില്ലെന്ന് വ്യക്തമായതോടെ വെടിയുതിര്‍ക്കുകയായിരുന്നു.
മ്യാന്മറില് പോലിസ് വെടിവയ്പ്പില്‍ 2 മരണം: പ്രശസ്ത നടനും അറസ്റ്റില്‍
