തിരുവനന്തപുരം: വിശ്വാസ് മേത്ത അടുത്ത ഫെബ്രുവരി 28നു വിരമിക്കുന്ന ഒഴിവില്‍ വി.പി.ജോയിയെ ചീഫ് സെക്രട്ടറിയായി നിയമിക്കും. അദ്ദേഹത്തിന്റെ സേവനം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു നേരത്തെ സംസ്ഥാന സര്‍ക്കാര്‍ കത്തെഴുതിയിരുന്നു.ജോയി ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപനം എന്നിവയുടെ ചുമതലയുള്ള സെക്രട്ടറിയാണ്. നാഷനല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വന്‍ഷന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. കേന്ദ്രാനുമതി ലഭിച്ചാല്‍ ജോയി കേരളത്തിലേക്കു മടങ്ങും. തുടര്‍ന്നു 2023 ജൂണ്‍ 30 വരെ ചീഫ് സെക്രട്ടറി പദവിയില്‍ തുടരും.വിഎസ്എസ്സിയില്‍ ശാസ്ത്രജ്ഞനായിരിക്കെ 1987ലാണ് വി പി ജോയി സിവില്‍ സര്‍വീസില്‍ എത്തുന്നത്.പാലക്കാട്, പാല സബ് കലക്ടര്‍, പട്ടികജാതി വികസന, കൊളീജിയറ്റ് എഡ്യൂക്കേഷന്‍ വകുപ്പുകളുടെ ഡയറക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറും സര്‍ക്കാര്‍ പരീക്ഷകളുടെ കമീഷണറും, കൃഷി, മൃഗസംരക്ഷണ, ക്ഷീര, തൊഴില്‍, ഭവന, നികുതി വകുപ്പുകളുടെ സെക്രട്ടറി, വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചു.കേന്ദ്ര പെട്രോളിയവും പ്രകൃതിവാതകവും മന്ത്രാലയത്തില്‍ ഡയറക്ടറായും ഊര്‍ജ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സെന്‍ട്രല്‍ പ്രോവിഡന്റ് കമീഷണര്‍, ഇപിഎഫ്ഒ സിഇഒ, പെട്രോളിയം മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ പദവികളും വഹിച്ചു.ഡല്‍ഹി ഐഐടിയില്‍നിന്ന് ഗവേഷണ ബിരുദവും ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ച് ഫെലോഷിപ്പും നേടി. രണ്ട് നോവല്‍ ഉള്‍പ്പെടെ സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
വി.പി.ജോയി കേരള ചീഫ് സെക്രട്ടറി ആവും
