തിരുവനന്തപുരം : നീതിക്കായി തെരുവില്‍ സമരം ചെയ്തിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ മീന്‍ വിറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അനിശ്ചിത കാല സമരത്തിന്റെ 12-ാം ദിവസത്തില്‍ സിപിഒ റാങ്ക് ലിസ്റ്റിസുളളവരാണ് മീന്‍ വിറ്റ് സമരം നടത്തിയത്. രാവിലെ പത്തുമണിയോടെ വലിയ തുറയില്‍ നിന്ന് ഐസ് പെട്ടിയിലാണ് മീന്‍ എത്തിച്ചത്.
സമരപന്തലിന് മുന്നില്‍ മേശയിട്ട് സാധാരാണ മാര്‍ക്കറ്റുകളിലേതിന് സമാനമായി മീന്‍ നിരത്തിവെച്ചു. വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കാനുളള വിളിയും ബഹളവുമെല്ലാം ചേര്‍ന്നതോടെ വേറിട്ട സമരമുറക്ക് സെക്രട്ടറിയേറ്റ് പരിസരം സാക്ഷിയായി. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആളുകള്‍ ചുറ്റും കൂടിയതോടെ മിനിറ്റുകള്‍ക്കുളളില്‍ സെക്രട്ടറിയേറ്ര് പരിസരം ജനനിബിഢമായി. ഇതിനിടെ പണം കൊടുത്ത് മീന്‍ വാങ്ങിയവരും നിരവധി. മത്സ്യ തൊഴിലാളി കുടുംബത്തില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥിയാണ് വില്‍പ്പനക്ക് നേതൃത്വം നല്‍കിയത്.
കൂലിപ്പണിക്കാരാണ് സമരക്കാരില്‍ നല്ലൊരു ശതമാനവും. ഉപജീവനം ഉപേക്ഷിച്ചാണ് സമരത്തിനെത്തിയിരിക്കുന്നത്. ലക്ഷ്യം നേടുംവരെ കുപ്പിവെളള കച്ചവടമോ ,മാസ്‌ക് വില്‍പ്പനയോ അടക്കം നടത്തി കിട്ടുന്ന വരുമാനം കൊണ്ട് സമരം തുടരാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സമരം തുടരുന്ന സാഹചര്യത്തില്‍ ഭക്ഷണം കഴിക്കാനുളള വകപോലും കയ്യിലില്ലാത്തതിനാലാണ് ഇത്തരം സമരമുറകളിലേക്ക് തിരിയുന്നതെന്ന് അവര്‍ പറഞ്ഞു.

