ദിഷ രവിയുടെ ഹർജിയിൽ മൂന്ന് ദേശീയ ചാനലുകൾക്ക് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ഹര്‍ജിയില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് നോട്ടീസയച്ച് ഡല്‍ഹി ഹൈക്കോടതി. 18/02/21 വ്യാഴാഴ്ച ദിഷ രവി സമർപ്പിച്ച ഹർജിയിൻമേലാണ് കോടതിയുടെ നടപടി. ഡല്‍ഹി പൊലീസ് എഫ്ഐആറിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇടയുണ്ടെന്നും അത് തടയുന്നതിനുള്ള നടപടി ഉണ്ടാവണം എന്നും ദിഷ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ദിഷയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്‌സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ദിഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് പിൻതുണയർപ്പിച്ച് ഗ്രേറ്റ തുന്‍ബെര്‍ഗ് ട്വിറ്ററിൽ പങ്കുവച്ച ടൂള്‍ക്കിറ്റുമായി ബന്ധപ്പെട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിയുമായ 22 കാരി ദിഷ രവിയെ അവരുടെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതിനിടെയാണ് തന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ ലീക്കായെന്നും എഫ്‌ഐആറിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി ദിഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചില ദേശീയ മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കര്‍ണാടകയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ചത്. ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണെന്നും ദിഷ ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍ വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതില്‍ ഡല്‍ഹി പൊലീസിന് പങ്കില്ലെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയില്‍ പറഞ്ഞു. എഫ്‌ഐആറില്‍ പ്രതിപാദിക്കുന്ന യാതൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച്ച കോടതിയില്‍ ഒരു അഫിഡവിറ്റ് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ലഭിച്ച വിവരങ്ങളെല്ലാം തങ്ങള്‍ക്ക് നല്‍കിയത് പൊലിസാണെന്ന് മാധ്യമങ്ങള്‍ പറയുന്നതെന്തുകൊണ്ടെന്ന് ദിഷയുടെ അഭിഭാഷകനായ അഡ്വ. അഖില്‍ സിബല്‍ കോടതിയില്‍ ചോദിച്ചു. മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ദിഷയുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിച്ചതെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

വിവരങ്ങള്‍ ചോര്‍ന്നതില്‍ ഡല്‍ഹി പൊലീസിന് പങ്കില്ലെന്ന സോളിസിറ്റര്‍ ജനറല്‍ മെഹ്തയുടെ സ്‌റ്റേറ്റ്‌മെന്‍ന്റ് കോടതി റെക്കോര്‍ഡ് ചെയ്തു. ദിഷയുടെ ഹര്‍ജിയില്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയെ കൂടാതെ ദേശീയ മാധ്യമങ്ങളായ ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ എന്നീ ചാനലുകള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →