കോഴിക്കോട് : വിമുക്തഭടൻ തൃക്കൈപറമ്പത്ത് പ്രേമരാജൻ ഹർജി പ്രകാരം അയൽപക്കക്കാരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ വീട്ടുകാർ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് കോഴിക്കോട് ഒന്നാം അഡീഷണൽ മുൻസിഫ് കോടതി താൽക്കാലികമായി തടഞ്ഞു. ബാൽക്കണിയിലേക്കക്കം ഫോക്കസ് ചെയ്താണ് അയൽവാസി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് എന്ന് കാട്ടിയിരുന്നു ഹർജി.
നേരത്തെ സ്ഥാപിച്ച സിസിടിവി ക്യാമറകൾ സ്വകാര്യത ഹനിക്കുന്നുണ്ടോ എന്ന് റിപ്പോർട്ട് സമർപ്പിക്കാൻ അഡ്വക്കേറ്റ് കമ്മീഷനെ നിയോഗിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ മറ്റാരെയും കാണിക്കരുതെന്നും കോടതി നിർദേശിച്ചു. അയൽവീടുമായി ആറടി അകലം മാത്രമുള്ള തങ്ങളുടെ വീടിൻറെ കിടപ്പുമുറിയിൽ വസ്ത്രം മാറുന്നത് ഉൾപ്പെടെ മനപ്പൂർവം ക്യാമറയിൽ പകർത്തുകയാണ്. ഈ ദൃശ്യങ്ങൾ പലരെയും കാണിക്കുന്നതായും അറിയുന്നു. കൂടുതൽ ക്യാമറകൾ സ്ഥാപിക്കുന്നത് തന്റെയും ഭാര്യയുടെയും 15 വയസ്സുള്ള മകളുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്നും ഇത് തടയണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
കിടപ്പുമുറിയിൽ വസ്ത്രം മാറുന്നതിനിടയിൽ പിൻഭാഗം അയൽവാസിയുടെക്യാമറയിൽ പതിഞ്ഞതിൻറെ പേരിൽ വന്ന പോക്സോ കേസിൽ പ്രേമരാജന് അഞ്ചു ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു . തൻറെ 12കാരൻ മകന് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് അയൽവാസിയുടെ പരാതിയിൽ പോലീസ് പോക്സോ വകുപ്പ് ചുമത്തുകയായിരുന്നു. പിന്നീട് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിധത്തിൽ ക്യാമറകൾ സ്ഥാപിച്ചതായി കാട്ടി പ്രേമരാജൻ നൽകിയ പരാതിയിലാണ് അയൽവാസികളായ പി ജിജി, ഭർത്താവ് രാമചന്ദ്രൻ എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തത്. കള്ളക്കേസിൽ കുടുക്കി ജയിലിലാക്കിയതിന് നഷ്ടപരിഹാരം തേടി പ്രേമരാജൻ മനുഷ്യാവകാശകമ്മീഷനെയും സമീപിച്ചിരുന്നു.

