അമൃത്സര്‍: പഞ്ചാബില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഗുര്‍ലാല്‍ സിംഗ് ബുള്ളറാണ് അജ്ഞാതസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
18/02/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഫരീദ്കോട്ടയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേരാണ് ഗുര്ലാലിനു നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.
ഗുര്ലാലിനെ ലക്ഷ്യമിട്ട് എത്തിയ സംഘം പത്ത് തവണയാണ് അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി ഫരീദകോട്ട് എസ്.പി സ്വരണ്ദീപ് സിംഗ് അറിയിച്ചു. ഫരീദകോട്ട് ജില്ലയിലെ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഗുര്‍ലാല്‍ സിംഗ് ബുള്ളര്‍.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞത്. അന്വേഷണം വേഗത്തിലാക്കാനും എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു.

