കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട ഡോസ് വിതരണം ആരംഭിച്ചു: ആറ് ആഴ്ചക്കിടയില്‍ സ്വീകരിക്കണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട ഡോസ് വിതരണം ആരംഭിച്ചു. വാക്സിന്റെ രണ്ടാം ഡോസ് നല്‍കാന്‍ ആരംഭിച്ച ഇന്നലെ വീണ്ടും കുത്തിവെപ്പെടുത്തത് 7668 പേര്‍ മാത്രമാണ്. നാല് ശതമാനം മാത്രമാണെന്ന് രണ്ടാം ഡോസ് സ്വീകരിച്ചതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. ആറാഴ്ച്ചകള്‍ക്കിടയില്‍ രണ്ടാം ഘട്ടം സ്വീകരിച്ചാല്‍ മതിയെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച മുതല്‍ കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത് ജനുവരി 16നായിരുന്നു. കണക്കു പ്രകാരം 28 ദിവസത്തിന് ശേഷം രണ്ടാം ഘട്ട വാക്സിന്‍ ഡോസ് സ്വീകരിക്കണമെന്നാണ്. ഇത് പ്രകാരം ജനുവരി 16ന് വാക്സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടത് ഫെബ്രുവരി 13നായിരുന്നു. ജനുവരി 16ന് 1,91,000 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന്‍ സ്വീകരിച്ചത്. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് നാല് മുതല്‍ ആറ് ആഴ്ച്ചക്കിടയില്‍ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതി. അതിന് ഇനിയും സമയമുണ്ടെന്നും നീതി അയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
വാരാന്ത്യമായതിനാല്‍ പല കുത്തിവെപ്പ് കേന്ദ്രങ്ങളും ഉച്ചവരെ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും ഇതാണ് കുറഞ്ഞ കണക്ക് രേഖപ്പെടുത്താന്‍ കാരണമായതെന്നും കൊവിഡ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ.എന്‍കെ അറോറ പറഞ്ഞു. ഒഡീഷ, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ മാത്രമാണ് രണ്ടാംഘട്ട കുത്തിവെപ്പ് നല്‍കിത്തുടങ്ങിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇനിയും തിയതി പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം രാജ്യത്ത് കൊവിഡ് വാക്സിന്‍ സ്വീകരിച്ച ആളുകളുടെ എണ്ണം 80 ലക്ഷം കടന്നു. ഇപ്പോഴുള്ള വാക്സിന്‍ വിതരണം മാര്‍ച്ച് ആറിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യഘട്ടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡിനെതിരേ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായിരുന്നു വാക്സിന്‍ നല്‍കിയിരുന്നത്.

മൂന്നാംഘട്ട വാക്സിന്‍ വിതരണം

കോവിഡ് വാക്സിന്റെ മൂന്നാംഘട്ട വിതരണം മാര്‍ച്ചില്‍. 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയവ ബാധിച്ചവര്‍ക്കുമാകും ഈ ഘട്ടത്തില്‍ വാക്സിന്‍ വിതരണം ചെയ്യുക. മാര്‍ച്ചിലെ മൂന്നാം ആഴ്ചയോടെ അടുത്ത ഘട്ട വാക്സിന്‍ വിതരണം തുടങ്ങാമെന്നാണു പ്രതീക്ഷയെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. വാക്സിന്‍ സ്വീകരിച്ച 7.75 ലക്ഷം പേരുടെ പ്രതികരണമാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു ലഭിച്ചത്. ഇവരില്‍ 97.35 ശതമാനം പേരും തൃപ്തി അറിയിച്ചു. അതേസമയം, സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കോടി ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ കൂടി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഡോസിന് 200 രൂപയ്ക്കാണു സര്‍ക്കാരിനു വാക്സിന്‍ ലഭ്യമാക്കുന്നത്. ഓഗസ്റ്റിനു മുമ്പ് 30 കോടിപ്പേര്‍ക്കു വാക്സിന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ദക്ഷിണാഫ്രിക്കയില്‍ പടരുന്ന കോവിഡ് വകഭേദത്തിനെതിരേ അസ്ട്ര സെനക്ക തയാറാക്കിയ വാക്സിന്‍ ഫലപ്രദമല്ലെന്ന റിപ്പോര്‍ട്ട് വാക്സിനേഷനെ ബാധിക്കില്ലെന്നു നിതി ആയോഗ് അംഗം വിനോദ് കുമാര്‍ പോള്‍ അറിയിച്ചു. ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അസ്ട്ര സെനക്കയുടെ ഇന്ത്യന്‍ പതിപ്പാണു കോവിഷീല്‍ഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →