നാദാപുരത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു

നാദാപുരം: കാറിലെത്തിയ സംഘം പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഒരുകോടി രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. തൃണേരി മുടവന്തേരി സ്വദേശി മേക്കരത്താഴെകുനി എംടികെ അഹമ്മദ് (55)നെയാണ് തട്ടിക്കൊണ്ടുപോയത്. 13.02.2021 ശനിയാഴ്ച പുലര്‍ച്ചെ വീടിന് സമീപത്തെ എണവളളൂര്‍ പളളിയില്‍ നമസ്‌കാരത്തിനായി പോകവെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി ബലമായി കയറ്റി കൊണ്ടുപോവുകയായിരുന്നു. ഒരു വെളളകാറിലാണ് കയറ്റി കൊണ്ടുപോയത്. അഹമ്മദ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തൊപ്പിയും റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായതായി അറിയുന്നത്. തുടര്‍ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയതായി വിവരം ലഭിക്കുന്നത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോവുകയായിരുന്ന പ്രദേശവാസിയാണ് ഇയാളെ തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി പറഞ്ഞത് .

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ ബന്ധുക്കള്‍ പോലീസിന് കൈമാറി. പക്ഷെ വൈകുന്നേരമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നാദാപുരം പോലീസ് സ്റ്റേഷന് മുമ്പില്‍ റോഡ് ഉപരോധിച്ചു. ആദ്യഘട്ടത്തില്‍ കാണാതായതിന് കേസെടുത്ത പോലീസ് പിന്നീട് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഖത്തറിലും ദുബൈലും വ്യാപാരിയാണ് എംടികെ അഹമ്മദ്. വിദേശത്തെ വ്യാപാര തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഇതിനിടെ പോലീസ് സംഭവത്തെപ്പറ്റി അന്വേഷണം നടത്താതെ മദ്ധ്യസ്ഥശ്രമം നടത്തിയെന്ന് ബന്ധുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അഹമ്മദിനെ കണ്ടെത്താന്‍ പോലീസ് കാര്യമായ അന്വേഷമം നടത്തുന്നില്ലെന്നും തട്ടിക്കൊണ്ടു പോയവര്‍ ഒരുകോടി മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഫോണ്‍ പോലീസിന് നല്‍കിയിട്ടും സന്ദേശം തുടര്‍ന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →