സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ നീതി ഉറപ്പാക്കും: വനിതാ കമ്മീഷന്‍

കാസർകോട്: സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളില്‍ പരമാവധി നീതി ഉറപ്പാക്കുമെന്നും അവരോടൊപ്പം കമ്മീഷന്‍ ഉണ്ടാകുമെന്നും വനിതാ കമ്മീഷന്‍  അംഗം ഡോ ഷാഹിദ കമാല്‍ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കനകപ്പള്ളി ഭാഗത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാവ് 2020 ജനുവരിയില്‍ വനിത കമ്മീഷനെ സമീപിച്ചിരുന്നു. ഇതു പ്രകാരം വനിത കമ്മീഷന്‍ കേസില്‍ ഇടപെടുകയും അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. തുടരന്വേഷണത്തില്‍ ഗാര്‍ഹിക പീഢന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ കൂടി  ഉള്‍പ്പെടുത്തിയാണ് അന്വേഷിക്കുകയും കുറ്റവാളിയെ കണ്ടത്തി അറസ്റ്റ് ചെയ്യുകയും ചെയ്തത്. മകള്‍ക്ക്  നീതി കിട്ടിയ സന്തോഷത്തില്‍  പെണ്‍കുട്ടിയുടെ അമ്മ കമ്മീഷന്‍ അദാലത്തില്‍ എത്തുകയും കമ്മീഷന്റെ ഇടപെലില്‍ തൃപ്തയാണെന്നും നന്ദിയുണ്ടെന്നും അറിയിച്ചു. പ്രതികളെ കണ്ടത്തി  ശിക്ഷിക്കുന്നതിലൂടെ ഇത്തരം സംഭവങ്ങള്‍  ആവര്‍ത്തിക്കാതിരിക്കാന്‍ കമ്മീഷന്റെ  ഇടപെടലുകള്‍ക്ക് കഴിയുന്നുണ്ടെന്നും ഷാഹിദാ കമാല്‍ പറഞ്ഞു. അദാലത്തില്‍ 34 പരാതികള്‍ പരിഗണിച്ചു.  17 പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത് സിറ്റിങ്ങിലേക്ക് മാറ്റി വെച്ചു. രണ്ട് കേസുകളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

അദാലത്തില്‍ വനിത കമ്മീഷന്‍ അംഗം ഡോ ഷാഹിദ കമാല്‍, പാനല്‍  അഭിഭാകരായ പി സിന്ധു, രമാദേവി തങ്കച്ചി, ഫാമിലി കൗണ്‍സിലര്‍ എസ് രമ്യമോള്‍, വനിതാ സെല്‍ സിപിഒമാരായ ടി ആര്‍ രമ്യത, എ ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →