ന്യൂഡൽഹി: കോവിഡ് -19 വാക്സിനേഷൻ ദൗത്യം അവസാനിച്ചു കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമപ്രകാരം (സിഎഎ) കേന്ദ്ര സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ മാതുവയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ. പ്രതിപക്ഷം സിഎഎയിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമം ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ നിലയെ ബാധിക്കില്ലെന്നും ഉറപ്പ് നൽകുകയാണെന്നും ഷാ പറഞ്ഞു.
കൂച്ച്ബിഹാറിലെ റാഷ് മേള മൈതാനത്ത് “പരിവർത്തൻ യാത്ര”യുടെ നാലാം ഘട്ടം ആഭ്യന്തരമന്ത്രി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട ഷാ, ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പറഞ്ഞു.
മുഖ്യമന്ത്രിയെയോ എംഎൽഎകളെയോ മന്ത്രിമാരെയോ മാറ്റുന്നതിനല്ല പശ്ചിമ ബംഗാളിനെ പരിവർത്തനം ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം, തൊഴിലില്ലായ്മ, സ്ഫോടനങ്ങൾ എന്നിവയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനും കർഷകരുടെ അവസ്ഥയിൽ മാറ്റം വരുത്താനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.

