റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാകുക ലക്ഷ്യം- എം എം മണി

February 11, 2021 - 5:57 pm

തൃശ്ശൂർ: വൈദ്യുത വിതരണ രംഗത്ത് സ്വയം പര്യാപ്തമാവുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇതിനായി ആധുനിക രീതിയിലുള്ള വിതരണ സമ്പ്രദായം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി 220 കെ വി സബ് സ്റ്റേഷന്റെയും ജോലിക്കാർക്കുള്ള പാർപ്പിട സമുച്ചയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നമുക്ക് ലഭ്യമായ സ്രോതസ്സുകൾ ഉപയോഗിച്ച് വൈദ്യുതിയുടെ ഉത്പാദനം കൂട്ടാൻ കഴിയണം. പുറമേ നിന്നും വൈദ്യുതി വാങ്ങുന്നതിന് അളവ് കുറച്ച് ലഭ്യമായ വൈദ്യുതി പാഴാക്കാതെ ഉപയോഗിക്കാനും നമുക്ക് കഴിയണം. ഇതിനായി പുതിയ മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. എൽ ഇ ഡി ബൾബുകളും ട്യൂബുകളും മറ്റും ഉപയോഗിക്കുന്ന ശീലം വളർത്തിയെടുക്കണം.

ഊർജ്ജത്തിന്റെ അല്ലെങ്കിൽ വൈദ്യുതിയുടെ ഉപയോഗം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വൈദ്യുതിയുടെ ഉപയോഗം ഒഴിവാക്കി നമുക്ക് മുന്നോട്ടുപോവുക എന്നത് അസാധ്യമായ കാര്യവും. എന്നാൽ നമുക്ക് ആവശ്യമായ ഊർജ്ജം ഇവിടെ ഇല്ല എന്നുള്ള വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ആവശ്യമുള്ളതിന്റെ 35 ശതമാനം വൈദ്യുതി ഊർജം മാത്രമാണ് നാം ഇവിടെ നിർമിക്കുന്നത്. ഇതിനായി പ്രധാനമായും ആശ്രയിച്ചു വരുന്നത് ജലവൈദ്യുത പദ്ധതികളെയാണ്.

ജലവൈദ്യുത ഊർജ്ജ ഉൽപാദനത്തോടൊപ്പം സൗരോർജ്ജത്തിന്റെ സാധ്യതകളും നമ്മൾ മനസ്സിലാക്കണം. സൗരോർജ്ജം ശരിയായി ഉപയോഗപ്പെടുത്തി ശേഖരിച്ചുവെച്ച് ഉപയോഗിക്കുന്ന രീതി വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിച്ച് ശരിയായ ഒരു വൈദ്യുത ഉപയോഗ സംസ്കാരം വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബി ഡി ദേവസ്സി എം എൽ എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ വി ഒ പൈലപ്പൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വേണു കണ്ഠരുമഠത്തിൽ, പരിയാരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഡസ്റ്റിൻ താക്കോൽക്കാരൻ, കോടശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിനി ബെന്നി, മുനിസിപ്പൽ വാർഡ് കൗൺസിലർ എം എം അനിൽകുമാർ, കെ എസ് ഇ ബി എൽ ഡിസ്ട്രിബ്യുഷൻ ആന്റ് ഐ ടി ഡയറക്ടർ പി കുമാരൻ, ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ പി രാജൻ, ചീഫ് എഞ്ചിനീയർ ട്രാൻസ്മിഷൻ വി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *