ന്യൂഡല്‍ഹി: അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6.76 ലക്ഷംപേരെന്ന് കേന്ദ്രം. 2015നും 2019 നുമിടയിലാണ് ഇത്രയും പേര് പൗരത്വം വേണ്ടെന്നു വച്ചതെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ റായ് ലോക്സഭയില്‍ പറഞ്ഞു. 1.24 കോടി ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നതായും ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു.കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എഴുതി നല്കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. 5 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പേര് പൗരത്വം ഉപേക്ഷിച്ചത് 2016ലാണ്. 1,44,942 പേര്. 2015ല്‍ 1,41,656 ആയിരുന്നു. 2017ലും 2018ലും ഇത് 1,27,905 ഉം 1,25,130 എണ്ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.2019ല്‍ വര്‍ദ്ധനയുണ്ടായി. ഈ വര്‍ഷം 1,36,441 പേര് വീതം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചുവെന്ന് മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.
ഇരട്ട പൗരത്വം നല്‍കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നും റായ് പറഞ്ഞു.ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുകള്‍ തേടുന്നവരുടെ എണ്ണത്തില്‍ വര്ധനയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ 2005 നും 2020 നും ഇടയില്‍ 36,99,476 പേര്‍ക്ക് ഒസിഐ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.



