കിടപ്പ് രോഗിയെ ആക്രമിച്ച കേസ് ,പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം

കോഴിക്കോട് : കൊയിലാണ്ടിയില്‍ കിടപ്പുരോഗിയേയും കുടുംബത്തേയും അയല്‍വാസി ആക്രമിച്ച സംഭവത്തില്‍ പോലീസ് നടപടിഎടുത്തില്ലെന്ന് പരാതി. കിഴക്കേപറയച്ചാലില്‍ മുസ്തഫക്കും കുടുംബത്തിനും നേരെയാണ് രണ്ടാഴ്ചമുമ്പ് അയല്‍വാസിയില്‍ നിന്നും ആക്രമണമുണ്ടായത്. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് മുസ്തഫയുടെ ആരോപണം..

നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുസ്തഫക്ക് നാട്ടുകാരും സന്നദ്ധസംഘടനകളും നല്‍കുന്ന സാമ്പത്തിക സഹായമാണ് ചികിത്സക്കും നിത്യചെലവിനും ഉളള ആശ്രയം. ജനുവരി 26ന് മലപ്പുറത്തെ ഒരു വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗം സഹായം നല്‍കുന്നതിനായി മുസ്തഫയുടെ വീട്ടിലത്തിയപ്പോള്‍ അയല്‍വാസികളായ ഇസ്മായേലും കുടുംബവും സഹായിക്കാനെത്തിയ വ്യക്തിയോട് കയര്‍ത്തു. ഇതിനെ ചോദ്യം ചെയ്ത മുസ്തഫയേയും പിതാവിനേയും ഇസ്മായേലും കുടുംബവും മരക്കഷണവും പ്രഷര്‍കുക്കറും ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മുസ്തഫക്കും പിതാവിനും തലയ്ക്കും, മുസ്തഫയുടെ മകന് കഴുത്തിനുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. സംഭവശേഷം രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.

മുസ്തഫയും ഇസ്മായേലുമായി വളരെക്കാലമായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. മുസ്തഫയുടെ പരാതിയില്‍ ഇസ്മായേലിനും മകനുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →