പാല്‍ഘര്‍: അജ്ഞാത സംഘം നാവികനെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തില്‍ അന്വേഷണം നാവികന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് നീളുന്നു. നാവികന് വന്‍ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഓഹരി വിപണിയിലെ ഇടപാടുകള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്നായി 22 ലക്ഷം രൂപ കടമെടുത്തിരുന്നതായി കണ്ടെത്തി. കൊലപാതകം നടത്തിയ മൂന്നുപേരെക്കുറിച്ച് നാവികന് മരണ മൊഴിയില്‍ സൂചന നല്‍കിയിരുന്നെങ്കിലും ഇവരെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
ഓഹരി വിപണിയില്‍ ചെലവഴിക്കാനായി എട്ടുലക്ഷം രൂപ പേഴ്സണല്‍ ലോണായും, അഞ്ചുലക്ഷം രൂപ സഹപ്രവര്‍ത്തകരില്‍ നിന്നും, എട്ടുലക്ഷം രൂപ കുടുംബാംഗങ്ങളില്‍ നിന്നും വായ്പയായി കൊല്ലപ്പെട്ട സുരജ്കുമാര് ദുബെ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഓഹരി ഇടപാടുകള്‍ക്കായി പണം ചെലവഴിച്ച അക്കൗണ്ടുകളില്‍ ഇപ്പോള്‍ 392 രൂപ മാത്രമാണുളളത്. അദ്ദേഹത്തിന് മൂന്ന് മൊബൈല്‍ ഫോണുണ്ടായിരുന്നുവെന്നും അതിലൊന്ന് ഓഹരി ഇടപാടുകള്‍ക്ക് മാത്രമായി മാറ്റി വച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഈ മൊബൈലിനെക്കുറിച്ച് ബന്ധുക്കള്‍ക്കറിയില്ല. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ഭീഷണി ഉണ്ടായിരുന്നോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

