മുന്നാക്കസമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ “മംഗല്യസമുന്നതി” പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: കേരളത്തിലെ മുന്നാക്ക സമുദായങ്ങളില്‍പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ യുവതികള്‍ക്ക്‌ ധന സഹായവുമായി സംസ്ഥാന സക്കാര്‍. സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്റെ മംഗല്യസമുന്നതി പദ്ധതിയനുസരിച്ചാണ്‌ ധനസഹായം വിതരണം ചെയ്യുന്നത്‌. പെണ്‍കുട്ടിക്ക്‌ 22 വയസോ അതിന്‌ മുകളിലോ പ്രായമുണ്ടായിരിക്കണം. സംവരണേതിര വിഭാഗത്തില്‍ പെടുന്ന യുവതികളാണ്‌ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കുടുംബ വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പെണ്‍കുട്ടികള്‍ എഎഐ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍കാര്‍ഡുടമകളായിരക്കണം . വിവാഹിതരായ പെണ്‍കുട്ടികളുടെ മാതാപിതാക്കളാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. വിവാഹ സഹായധനമായി ഒരുലക്ഷം രൂപ വരെ ലഭിക്കും.

2020 ഏപ്രില്‍ ഒന്നിന്‌ ശേഷം വിവാഹിതരായവര്‍ക്കാണ്‌ ധനസഹായത്തിനുളള അര്‍ഹത. ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്ന്‌ ഏറ്റവും കുറഞ്ഞ വരുമാനമുളള 100 പേര്‍ക്കാണ്‌ ധനസഹായം ലഭിക്കുക. ഇത്‌ അപേക്ഷകന്റെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രെഡിറ്റ്‌ ചെയ്യും. അപേക്ഷാഫോമിന്‍റെ മാതൃകയും വിശദ വിവരങ്ങളും www.kswcfc.org എന്ന വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌ .

ഗസറ്റഡ്‌ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌, വിവാഹ ക്ഷണക്കത്ത്‌, ആധാര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്, ബാങ്ക്‌ പാസ്‌ബുക്ക്‌, തുടങ്ങിയ രേഖകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. ഈ മാസം 19 ആണ്‌ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →